ചെന്നൈ: കനത്ത മഴയോടെ നിവാര്‍ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് തീരത്തെത്തി. അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്നും തീരത്ത് എത്തിയപ്പോഴേക്ക് തീവ്രത കുറഞ്ഞിട്ടുണ്ട്. 135 കി.മീ വേ​ഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. വരുന്ന മണിക്കൂറുകളില്‍ കാറ്റിന്റെ വേ​ഗത 65-75 കി.മീ ആയി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് നിവാര്‍ ചുഴലിക്കാറ്റ് കോട്ടക്കുപ്പം എന്ന ​ഗ്രാമത്തില്‍ കരതൊട്ടത്. കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് കടലൂര്‍ അടക്കം പല ഇടങ്ങളിലും. വീട് തകര്‍ന്നും വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണും രണ്ടുപേര്‍ മരിച്ചു. ചെന്നൈയില്‍ പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട് അടക്കം നിരവധി ആളുകളുടെ വീടുകളില്‍ വെള്ളം കയറി. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു.

ചെമ്ബരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. വലിയ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്നും തീവ്രചുഴലിക്കാറ്റായി ശക്തി കുറഞ്ഞെങ്കിലും വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.

ചെന്നൈയിലും പുതുച്ചേരിയിലും ഇപ്പോഴും കനത്ത കാറ്റും മഴയുമാണ്. ചെങ്കല്‍പ്പട്ട്, വിളുപുരം, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ എന്നീ പ്രദേശങ്ങളിലും കനത്ത മഴ തുടരും. ആന്ധ്രാപ്രദേശിലെ റായലസീമ, ചിറ്റൂര്‍, കുര്‍ണൂല്‍, പ്രകാശം, കടപ്പ എന്നീ ജില്ലകളിലും ജാ​ഗ്രത തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here