• Evening Update: തെക്കന്‍ കേരളത്തിലെ ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയാറെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഡിസംബര്‍ മൂന്നിന് കന്യാകുമാരി അടുത്തുവരെ ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറയിപ്പ്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായി സര്‍ക്കാര്‍ നിരോധിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി വെക്കുന്നത് ഉള്‍പ്പെടെയുള്ള തയാറെടുപ്പ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. നേവിയോടും കോസ്റ്റ് ഗാര്‍ഡിനോടും കേരള തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് ഹെലികോപ്ടര്‍ സഹായവും തേടി. ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമുകളെ കൂടി അധികമായി സംസ്ഥാനം ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. നാളെയോടെ ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും. ഇതിന്റെ ഫലമായി കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച്‌ തെക്കന്‍ ജില്ലകളില്‍ മഴ കനത്തേക്കും. ഡിസംബര്‍ രണ്ടിന് ശ്രീലങ്കന്‍ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്‌നാട് തീരം തൊടും.

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റും അതീതീവ്ര മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

ബുധനാഴ്ച ഇടുക്കിയില്‍ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടുണ്ട്. അതേസമയം വ്യാഴാഴ്ച സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. ഡിസംബര്‍ നാലിന് തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ ഓറഞ്ച് അലര്‍ട്ടും കോട്ടയം എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here