വാഷിങ്ടൺ: അമേരിക്കയിളെ ഇന്ത്യാനപോളിസിൽ കഴിഞ്ഞദിവസം ഉണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ നാല് പേർ ഇന്ത്യൻ വംശജർ. കഴിഞ്ഞദിവസം രാത്രി ഇന്ത്യാനപോളിസ് ഫെഡ് എക്സ് വ്യാപാരകേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ നാല് പേർ സിഖ് വംശജരാണെന്ന് ഇംഗ്ലീഷ് വാർത്തചാനലായ ഇന്ത്യാടുഡേയാണ് റിപ്പോർട്ട് ചെയ്തത്.

പത്തൊമ്പതുകാരനായ ബ്രണ്ടൻ സ്കോട്ടായിരുന്നു വെടിയുതിർത്തത്. ഇയാൾ വെടിവെപ്പിന് പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഇന്ത്യാനപോളീസിലെ ഫെഡ് എക്സ് കേന്ദ്രത്തിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനത്തോളം പേരും ഇന്ത്യൻ- അമേരിക്കൻ വംശജരാണ്. ഇതിൽ ഭൂരിഭാഗം പേരും സിഖ് വംശജരും.

“ഇത് ഹൃദയഭേദകമാണ്. ഈ സംഭവം സിഖ് സമൂഹത്തെ ആകെ ഉലച്ചിരിക്കുകയാണ്.” സിഖ് സമുദായ നേതാവ് ഗുരീന്ദർ സിംഗ് കൽസ വാർത്ത ഏജൻസിയായ പിടിഐ യോട് പറഞ്ഞു. അക്രമ സംഭവത്തെ അപലപിച്ച് യുഎസ് പ്രസിഡന്‍റെ ജോ ബൈഡൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവർ രംഗത്ത് വന്നിരുന്നു.

വെടിവെയ്പ്പിൽ മരിച്ച നാല് സിഖ് വംശജരിൽ മൂന്ന് പേരും സ്ത്രീകളാണ്. പരിക്കേറ്റവരിലും ഒരു സിഖ് വംശജൻ ഉണ്ടെന്ന് കമ്മ്യൂണിറ്റി ആക്ടിവിസ്റ്റായ മനീന്ദർ സിങ് വാലിയ പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി.

അതേസമയം അക്രമിയെ വെടിവെപ്പിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് വകുപ്പ് അറിയിച്ചു. ഓട്ടോമാറ്റിക് തോക്കുപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here