വർഷങ്ങൾക്കു ശേഷം ഹാദിയയെ കാണാന്‍ പിതാവ് അശോകനും മാതാവ് പൊന്നമ്മയുമെത്തി. ഹാദിയ ആരംഭിച്ച ഒതുങ്ങലിലെ ‘ഹാദിയ ക്ലിനിക്’ ലാണ് മാതാപിതാക്കളെത്തി മകളെ കണ്ടത്. ഇസ്ലാം മതം സ്വീകരിച്ച് വിവാഹം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഹാദിയയുമായി മാതാപിതാക്കള്‍ അകന്നത്.
അശോകന്റെയും പൊന്നമ്മയുടെയും ഏകമകളായ അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഷെഫിന് ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് 2018 മാര്‍ച്ച് മാസത്തില്‍ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ട് അഖിലക്ക് ഷഫിന്‍ ജഹാനൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും കോടതി ഉത്തരവിറക്കി.
അഖില എന്ന ഹാദിയയുടെ പിതാവ് അശോകന് 2016 ജനുവരി 19ന് ഹൈക്കോടതിയില്‍ ആദ്യത്തെ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. 2016 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി മഞ്ചേരി സത്യസരണിയില്‍ അഖില എന്ന ഹാദിയ മതപഠനം പൂര്‍ത്തിയാക്കി.
2016 ആഗസ്ത് 16ന് അശോകന് ഹൈക്കോടതിയില്‍ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. 2016 ആഗസ്ത് 22ന് ഹാദിയ ഹൈക്കോടതിയില്‍ ഹാജരായി. തുടര്‍ന്ന് 2016 സപ്തംബര്‍ ഒന്നിന് വീണ്ടും ഹാജരാവണമെന്ന നിര്‍ദ്ദേശത്തോടെ കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു. 2016 സപ്തംബര്‍ ഒന്നിന് വീണ്ടും കോടതിയില്‍ ഹാജരായ ഹാദിയയോട് സപ്തംബര്‍ അഞ്ചിന് വീണ്ടും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചു.
സപ്തംബര്‍ അഞ്ചിന് വീണ്ടും ഹാദിയ കോടതിയില്‍ ഹാജരായി. അന്നു തന്നെ കേസ് സംബന്ധിച്ച ആദ്യത്തെ അന്വേഷണ റിപോര്‍ട്ട് പെരിന്തല്‍മണ്ണ ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിച്ചു.2016 സപ്തംബര്‍ 27ന് വീണ്ടും കേസ് പരിഗണിച്ച കോടതി ഹാദിയ ബോധിപ്പിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ സഹായിച്ച സൈനബയ്ക്കൊപ്പം വിട്ടയച്ചു.ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരി 25ന് ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം കോടതി വിട്ടയച്ചു. 2016 നവംബര്‍ 14ന്് സൈനബയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് കോടതി പെരിന്തല്‍മണ്ണ ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ചു.
2016 ഡിസംബര്‍ 15ന് സൈനബയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു റിപോര്‍ട്ട്.2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ മഹലില്‍വച്ച് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം നടന്നു.