തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള തീരുമാനത്തിനു പിന്നാലെ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കാനുള്ള മാര്‍ഗരേഖ ഗതാഗത വകുപ്പ് തയാറാക്കി. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ടു ഡോസ് വാക്സിന് എടുക്കുകയും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ചു പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. പനി, ചുമ മറ്റു രോഗ ലക്ഷണങ്ങള്‍ തുടങ്ങിയവയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.
സ്കൂള്‍ വാഹനത്തില്‍ തെര്‍മല്‍ സ്കാനറും സാനിറ്റെസറും ഉണ്ടാവണം. എല്ലാ വിദ്യാര്‍ഥികളും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടിയെന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും മാര്‍ഗരേഖ നിഷ്കര്‍ഷിക്കുന്നു.
വാഹനങ്ങളില്‍ എ.സി, തുണികൊണ്ടുള്ള സീറ്റു കവര്‍, കര്ട്ടന് എന്നിവ പാടില്ല. സ്കൂള്‍ ട്രിപ്പിനായി മറ്റു കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.