ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ  വ്യാപിക്കുന്നതിനിടെ ഉണ്ടായ ഓക്‌സിജന്‍ ക്ഷാമത്തില്‍ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ്. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു. ‘ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങള്‍ ഹൃദയഭേദകമാണ്. ആഗോള സമൂഹം ആവശ്യമായ സഹായം നല്‍കണം’- ഗ്രേറ്റ ട്വീറ്റില്‍ ആഹ്വാനം ചെയ്യുന്നു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്‌കൈ ന്യൂസിന്റെ റിപ്പോര്‍ട്ട് ഗ്രെറ്റ പങ്കുവെച്ചിട്ടുമുണ്ട്.

യുകെ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ഓക്സിജന്റെ കുറവ് കാരണം 25 രോഗികള്‍ മരിച്ചതായി ശനിയാഴ്ച ഡല്‍ഹിയിലെ ആശുപത്രി റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എല്ലാ മുഖ്യമന്ത്രിമാരുടെയും സഹായം തേടി കത്തയച്ചിട്ടുണ്ട്. അമൃത് സറിൽ നീൽകാന്ത് ആശുപത്രിയിൽ മരിച്ചവരിൽ അഞ്ചുപേർ കോവിഡ് ബാധിതരാണ്. ജില്ലാ ഭരണകൂടത്തിനോട് ആവർത്തിച്ച് സഹായം ലഭിച്ചില്ലെന്നാണ് ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ ദേവഗൺ പറഞ്ഞു.

ഓക്സിജൻ നൽകണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രികൾക്കാണ് മുൻഗണനയെന്ന് ആയിരുന്നു മറുപടി. അതേസമയം, സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടയാൻ യൂണിറ്റുകൾക്ക് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗൺ ആരോപിച്ചു.

വെള്ളിയാഴ്ച രാത്രി ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ രോഗികൾ മരിച്ചത്. ഇവിടെ 200 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ തന്നെ 80 ശതമാനവും ഓക്സിജൻ സഹായം ആവശ്യമുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡി കെ ബലൂജ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മൂന്നര മെട്രിക് ടൺ ഓക്സിജൻ എത്തേണ്ടതായിരുന്നു. എന്നാൽ അത് കിട്ടാൻ അർദ്ധരാത്രിയായെന്നും അപ്പോഴേക്കും 25 രോഗികൾ മരിച്ചെന്നും ജയ്പൂർ ഗോൾഡൻ ആശുപത്രി ഡയറക്ടർ ഡോ ഡി കെ ബലൂജ പറഞ്ഞു. അടിയന്തിരമായി ഓക്സിജൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും ഓക്സിജൻ കുറഞ്ഞ അളവിലാണ് ലഭിച്ചതെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here