ഡല്‍ഹി: ദേശീയ സുരക്ഷയെച്ചൊല്ലി തനിക്ക് പാസ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ വിസമ്മതിച്ചെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ‘സി ഐ ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പാസ്പോര്‍ട്ട് നല്കാന് പാസ്പോര്‍ട്ട് നല്കാന് വിസമ്മതിച്ചു. ഇത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമാണെന്നായിരുന്നു അവരുടെ വാദം. 2019 ഓഗസ്റ്റ് മുതല്‍ കാശ്മീര്‍ നിലവില്‍ ആയിട്ടും ഒരു മുന്‍ മുഖ്യമന്ത്രിയ്ക്ക് പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് എങ്ങനെയാണ് ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്നത്’- മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
1967 ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 6(2)(സി) വകുപ്പ് പ്രകാരമാണ് മെഹബൂബ മുഫ്തിക്ക് പാസ്പോര്‍ട്ട് നല്‍കാത്തതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ജമ്മു കാശ്മീര്‍ പൊലീസിന്റെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നല്കിയ റിപ്പോര്‍ട്ടില്‍ മെഹബൂബ മുഫതിക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിനെ ശുപാർശ ചെയ്യുന്നില്ലെന്ന് വിദേശ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് മെഹബൂബയെ ചോദ്യം ചെയ്തു വരികയാണ്. ഇതിനെ തുടര്‍ന്ന് ‘കേന്ദ്ര സര്‍ക്കാര്‍ എന്നെയും പി ഡി പി അംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നു. എന്നെ ഭീഷണിപ്പെടുത്തനായി ഇ ഡി പോലുള്ള അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. പാസ്പോര്‍ട്ടിനുള്ള എന്റെ മൗലികവകാശം എനിക്ക് നിഷേധിക്കപ്പെട്ടു. ഇത് രാഷ്ട്രീയപരമായ പ്രതികാരമല്ലാതെ മറ്റെന്താണ്’- മെഹബൂബ ട്വീറ്റ് ചെയ്തു.
‘എന്നെ ഇ ഡി ചോദ്യം ചെയ്ത സമയത്ത് അഭിഭാഷകരമായി കൂടിയലോചിക്കാതെ പ്രസ്താവനയില്‍ ഒപ്പിടാന്‍ ഞാന്‍ നിര്‍ബന്ധിതയായി. റൂള്‍ ബുക്കുകള്‍ കാണിക്കുകയും ഒപ്പിടാതിരുന്നാല്‍ അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും അവര്ഭീഷണിപ്പെടുത്തി’ ഇ ഡി ചോദ്യം ചെയ്തതിനെക്കുറിച്ച് മെഹബൂബ കുറിച്ചു. അവസാനം താന്‍ ഒരു പ്രസ്താവനയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതയായെന്നും അവര്‍ വ്യക്തമാക്കി.
മെഹബൂബ മുഫ്തിയുടെ പാസ്പോര്‍ട്ട് തടഞ്ഞ വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിയെ നേരിടാനായി നിയമപരമായ എല്ലാ നടപടികളും പാര്‍ട്ടി പരിശോധിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയുടെ സഹായികളിൽ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന പ്രകാരം അനുവദിച്ച ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനെ തുടര്‍ന്ന് മെഹബൂബ മുഫ്തിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വീട്ടു തടങ്കലില്‍ ആയിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ തന്നെ നിയമവിരുദ്ധമായി വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്ന ആരോപണവുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് തന്നെ വീട്ടുതടങ്കലിലാക്കുന്നതെന്നും ട്വിറ്ററിലൂടെയാണ് മെഹബൂബ അറിയിച്ചിരിക്കുന്നത്.
യാതൊരു വിശദീകരണവും നല്‍കാതെ നിയമവഗരുദ്ധമായാണ് തന്നെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഗുപ്കറിലുള്ള വസതിയിലാണ് നിലവിൽ മെഹബൂബ മുഫ്തി. ‘ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകളുണ്ടായാൽ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കുക എന്നത് സർക്കാറിന്റെ ഒരു പ്രിയപ്പെട്ട രീതിയായി മാറിയിരിക്കുകയാണ്. ബുദ്ഗാമിൽ സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളെ സന്ദർശിക്കാനിരിക്കെയാണ് ഞാൻ വീണ്ടും വീട്ടു തടങ്കലിലായിരിക്കുന്നത്’ എന്നായിരുന്നു ട്വീറ്റ്.