പശുശാസ്ത്രത്തില്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 25 നാണ് പരീക്ഷ നടത്തുന്നത്. എല്ലാ വര്‍ഷവും പശുശാസ്ത്രത്തില്‍ പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ പറഞ്ഞു.തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് ‘പശു ശാസ്ത്ര’ (കൗ സയന്‍സ്) ത്തില്‍ ഇത്തരമൊരു പരീക്ഷയെന്നും കത്തിരിയ പറഞ്ഞു.

കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍-പ്രസാര്‍ എക്‌സാമിനേഷന്‍’ എന്നായിരിക്കും പരീക്ഷയുടെ പേര്. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്‌സൈറ്റില്‍ ലഭിക്കും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പരീക്ഷാ ഫലം ഉടന്‍തന്നെ പ്രഖ്യാപിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.

എല്ലാ ഇന്ത്യക്കാരിലും പശുക്കളെക്കുറിച്ച് താൽപര്യമുണർത്തുന്നതിന് ഉതകുന്നതായിരിക്കും പരീക്ഷ. പാൽ ഉൽപാദനത്തിന്ശേഷവും പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും,പശുക്കളുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പരീക്ഷ അവസരമൊരുക്കുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു.

മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും കത്തിരിയ കൂട്ടിച്ചേര്‍ത്തു. പ്രൈമറി, സെക്കന്‍ഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here