തിരുവനന്തപുരം: സര്‍വകലാശാലകളിലെ ഇടപെടലുകള്‍ തുടര്‍ന്നാല്‍ ചാന്‍സിലര്‍ പദവി കൂടി ഏറ്റെടുത്തോളാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍. പദവി ഒഴിയാന്‍ തയ്യാറാണെന്നും ആ സ്ഥാനം കൂടി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകളാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

സര്‍വകലാശാലകളില്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. സര്‍വകലാശാലകളില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ തുടരുന്നത് തെറ്റാണ്. വേണമെങ്കില്‍ ചാന്‍സിലര്‍ പദവിയില്‍ നിന്ന് മാറ്റാം, അല്ലെങ്കില്‍ സ്ഥാനം ഒഴിഞ്ഞു തരാം എന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

കാലടി സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. സര്‍വകലാശാല വിസിയെ കണ്ടെത്തുന്നതിനായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം സെര്‍ച്ച് കമ്മിറ്റി രണ്ട് മാസത്തിനകം പട്ടിക നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ രണ്ട് മാസക്കാലത്തിനിടയില്‍ ഒരു പേര് പോലും കമ്മിറ്റിക്ക് നിര്‍ദേശിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ ഒരു പേര് കണ്ടെത്തി ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത ഗവര്‍ണര്‍, മറുപടിയെന്നോണമാണ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കയച്ച കത്തിലെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. എന്നാല്‍, അനുനയ നീക്കത്തിനു വഴങ്ങാന്‍ ഗവര്‍ണര്‍ തയാറായിട്ടില്ലെന്നാണ് വിവരം. അതിനിടെ, ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here