വീണ്ടും അസാധാരണ നടപടി, 9 വി.സിമാരോട് തിങ്കളാഴ്ച 11.30 നു മുമ്പ് രാജിവയ്ക്കാൻ ഗവർണർ നിർദ്ദേശം നൽകി

തിരുവനന്തപുരം | സുപ്രീം കോടതിയുടെ വിധി ഉയർത്തിക്കാട്ടി വി.സി മാർക്കെതിരെ അസാധാരണ നടപടിയുമായി ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് തിങ്കളാഴ്ച്ച രാവിലെ 11.30 നകം രാജിവയ്ക്കാൻ ഗവർണർ നിർദ്ദേശിച്ചു.

യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്‍റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്കൃതം,  മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കല്‍പന പുറപ്പെടുവിച്ചത് നിര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. സര്‍ക്കാരിനോട് ആലോചിക്കാതെയുളള ഏകപക്ഷീയ നടപടി വ്യസനകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്നും ബിന്ദു പറഞ്ഞു. നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ സർവകലാശാലകൾ ഫാഷിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഗവർണറുടെ നടപടിയിൽ നിയമവശങ്ങൾ നോക്കി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു.

ഗവർണറുടെ രാഷ്ട്രീയം തുറന്നു കാണിക്കാൻ ഇടതു മുന്നണി തീരുമാനിച്ച് മണിക്കൂറുകൾക്കകം രാജ്ഭവനിൽ നിന്നു നടപടി ഉണ്ടായെന്നതും ശ്രദ്ധയമാണ്. ഗവർണർക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചതിനു തൊടുപിന്നാലെയാണു ഗവർണർ കടുപ്പിച്ചത്. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീയുടെ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്.

ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015ലെ  സർവകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സേർച് കമ്മിറ്റി ചാൻസലർക്കു നൽകേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നൽകിയതെന്ന് കോടതി കണ്ടെത്തി.

സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക സർവകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റു അഞ്ചു സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിച്ചതും പാനൽ ഇല്ലാതെയാണ്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേർച് കമ്മിറ്റി ശിപാ‍ർശ ചെയ്തിരുന്നത്. ഇവരി‍ൽ സംസ്കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുൻ ഗവർണർ പി.സദാശിവമാണ്.

Governor directs 9 vice chancellors to tender resignation

LEAVE A REPLY

Please enter your comment!
Please enter your name here