സര്‍ക്കാര്‍ നിലപാട് ‘കത്തെഴുതി അറിയിച്ച’ ജ്യോതിലാല്‍ തെറിച്ചു, പലവഴിക്കായി ‘പ്രതിസന്ധി’ പരിഹരിച്ചു, നയപ്രസംഗം ഇനി സഭാതലത്തില്‍

തിരുവനന്തപുരം: ഗവര്‍ണറുടെ നിലപാടിനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയപ്പോള്‍, കത്തെഴുതി ‘അപമാനിച്ച’ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തെറിച്ചു. മുഖ്യമന്ത്രി അടക്കം നേരിട്ടെത്തി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു.

ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി എസ്. കര്‍ത്തയെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതിലുള്ള എതിര്‍പ്പ് ഫയലില്‍ രേഖപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയും അതറിയിച്ച രീതിയുമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയപാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെയോ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെയോ രാജ്ഭവനില്‍ നിയമിക്കുന്ന കീഴ്‌വഴക്കമില്ലെന്നായിരുന്നു സര്‍ക്കാര്‍ ഫയലില്‍ സ്വീകരിച്ച നിലപാട്. അങ്ങനെയെങ്കില്‍ മന്ത്രിമാരുടെ സ്റ്റാഫിലെ പാര്‍ട്ടി ബന്ധമുള്ളവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള ഉപാധികള്‍ ഗവര്‍ണര്‍ മുന്നോട്ടു വച്ചു.

സ്പീക്കറും ചീഫ് സെക്രട്ടറിയും എല്ലാം രാജ്ഭവനില്‍ എത്തി മടങ്ങിയിട്ടും ഗവര്‍ണര്‍ അയഞ്ഞില്ല. ഒടുവില്‍ മുഖ്യമന്ത്രി തന്നെ നയപ്രഖ്യാപനവുമായി രാജ്ഭവനിലെത്തി. ഗവര്‍ണറെ കണ്ടശേഷം എ.കെ.ജി. സെന്ററിലേക്കും മുഖ്യമന്ത്രി എത്തി. പിന്നാലെ, വൈകുന്നേരം ആറരയോടെയാണ് വിഷയത്തില്‍ അയവു വന്നതും ഗവര്‍ണര്‍ പ്രസംഗം അംഗീകരിച്ചതും. കെ.ആര്‍. ജ്യോതിലാലിനെ നീക്കി പകരം ശാരദാ മുരളീധരനെ തല്‍സ്ഥാനത്തു നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ഗവര്‍ണറുടെ സ്റ്റാഫില്‍ ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിനടക്കം സര്‍ക്കാര്‍ അനുമതി നല്‍കിയതും ശ്രദ്ധേയമായി.

സര്‍ക്കാരിനെ വെട്ടിലാക്കിയ ഗവര്‍ണറുടെ അസാധാരണ നീക്കത്തില്‍ കടുത്ത അമര്‍ഷത്തിലാണ് സി.പി.എം. എന്നാല്‍, നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം കഴിയുംവരെ ഗവര്‍ണറെ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് നിലപാട്. അതിനാല്‍ തന്നെ, നന്ദിപ്രമേയ ചര്‍ച്ച ഗവര്‍ണര്‍ക്കു മറുപടി പായാനുള്ള അവസരമാക്കി ഭരണപക്ഷം മാറ്റിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here