തിരുവനന്തപുരം: പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ശിപാര്‍ശ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും. ഉടന്‍ നിയമസഭാ സമ്മേളനമില്ലാത്ത സാഹചര്യത്തിലാണ് ഗവര്‍ണറെ സമീപിച്ച് ഓര്‍ഡിനന്‍സ് റദ്ദാക്കാനുള്ള ഉത്തരവ് ഇറക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള അധിക്ഷേപങ്ങള്‍ തടയണമെന്നുള്ള ആവശ്യം പ്രതിപക്ഷത്തുനിന്ന് അടക്കം എല്ലായിടത്തു നിന്നും ഉയര്‍ന്നുവന്നിരുന്നു. അധിക്ഷേപങ്ങളെ തുടര്‍ന്ന് ആത്മഹത്യവരെ സംഭവിച്ച സംഭവങ്ങള്‍ വരെ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമ മേധാവികളുടെ ഒരു യോഗത്തിലും പ്രധാനപ്പെട്ട നിര്‍ദേശമായി ഇക്കാര്യം വന്നു. ഇതെല്ലാം പരിഗണിച്ചാണ് നിയമഭേദഗതിക്ക് രൂപം നല്‍കിയത്. തീര്‍ത്തും സതുദ്ദേശത്തോടെയുള്ള നിയമം പുറത്തുവന്നപ്പോള്‍ ഇതു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തില്‍ വലിയ ആശങ്ക ഉയര്‍ന്നതു പരിഗണിച്ചു. അതിനാലാണ് ഉത്തരവ് പിന്‍വലിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏതെങ്കിലും നിയമം ഇതുമായി ബന്ധപ്പെട്ട് ഇനി കൊണ്ടുവരുന്നെങ്കില്‍ അത് നിയമസഭയില്‍ ചര്‍ച്ച ചെയ്തുകൊണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here