തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധം. കെല്‍ട്രോണിലെ സ്ഥിരപ്പെടുത്തല്‍ വിവാദമായതിനുപിന്നാലെയാണ് പി.എസ്.സിയെ നോക്കുകുത്തിയാക്കി സര്‍വ്വകലാശാലകളിലും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. മൂവായിരത്തോളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് കഴിഞ്ഞ ദിവസം 35 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് വിവാദം കൊഴുക്കുന്നത്. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനുള്ള നീക്കമുണ്ടെന്നും സൂചനയുണ്ട്.
കേരള സര്‍വകലാശാല, കുസാറ്റ്, സംസ്കൃത സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചതായാണ് ആരോപണം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി.