തെലങ്കാനയിലെ ജംഗാവോണില്‍ നിധിശേഖരം; ചെമ്പ് കുടത്തില്‍ നിറയെ സ്വര്‍ണം,വെള്ളി ആഭരണങ്ങള്‍

തെലങ്കാനയിലെ ജംഗാവോണ്‍ ജില്ലയില്‍ വന്‍നിധിശേഖരം കണ്ടെത്തി. ഒരു ചെമ്പ് കുടത്തില്‍ അടച്ച നിലയിലാണ് നിധി കണ്ടെത്തിയത്. 189.820 ഗ്രാം ഭാരമുള്ള സ്വർണ്ണ ആഭരണങ്ങളും 1.727 കിലോഗ്രാം ഭാരമുള്ള വെള്ളി ആഭരണങ്ങളുമാണ് കുടത്തിലുണ്ടായിരുന്നത്. കണ്ടെടുത്ത ആഭരണങ്ങള്‍ കലക്ടറുടെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് നിധിശേഖരം കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റുകാരനായ നരസിംഹ എന്നയാള്‍ 11 ഏക്കറോളം വരുന്ന തന്‍റെ സ്ഥലം പുരയിടമാക്കാനായി നിരപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്ഥലത്തിന്‍റെ ഒരു ഭാഗത്ത് കുഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഏകദേശം 11 മണിയോടെ രണ്ടടി താഴ്ചയില്‍ വച്ച് ഒരു ചെമ്പുകുടം കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം പ്രാദേശിക അധികൃതരെ അറിയിച്ചു.

സ്ഥലത്ത് കുഴിയെടുക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിനും വെള്ളിക്കും ഒപ്പം 6.5 ഗ്രാം മാണിക്യവും കണ്ടെത്തിയിട്ടുണ്ട്. ചെമ്പ് കുടത്തിന് 1.200 കിലോ തൂക്കമുണ്ട്. കകതിയ രാജവംശത്തിന്‍റെ ശേഷിപ്പാണിതെന്നാണ് കരുതുന്നത്.

77.220 ഗ്രാം ഭാരമുള്ള 22 സ്വർണ്ണ കമ്മലുകൾ, 57.800 ഗ്രാം ഭാരമുള്ള 51 സ്വർണ്ണ മുത്തുകള്‍, 17.800 ഗ്രാം ഭാരമുള്ള 11 സ്വർണ്ണ പുസ്‌തെലു (മംഗല്യസൂത്ര) എന്നിവയാണ് ആഭരണങ്ങളുടെ കൂട്ടത്തിലുള്ളത്. 1.227 കിലോഗ്രാം ഭാരമുള്ള 26 വെള്ളി വടികളും 216 ഗ്രാം ഭാരമുള്ള 5 വെള്ളി മാലകളും 42 ഗ്രാം ഭാരമുള്ള മറ്റ് വസ്തുക്കളുമാണ് കുടത്തിലുണ്ടായിരുന്നത്.

ജില്ലാ അധികൃതർ ഗ്രാമത്തിൽ ഖനനം നടത്തുകയാണെങ്കിൽ കൂടുതൽ മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്താമെന്നും പെമ്പാർത്തി ഗ്രാമം അതിലൂടെ പ്രശസ്തമാകുമെന്നും ഗ്രാമത്തലവനായ അഞ്ജനേയുല ഗൌഡ് പറഞ്ഞു. അതേസമയം നിധിയുണ്ടെന്ന പ്രതീക്ഷയില്‍ പല സംഘങ്ങളും ഈ പ്രദേശത്ത് ഖനനം നടത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here