സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്ക് കപ്പല്‍ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു

സൂയസ് കനാലിന് കുറുകെ കുടുങ്ങിക്കിടന്ന ഭീമന്‍ ചരക്കുകപ്പലായ ‘എവര്‍ ഗിവണ്‍’ നീക്കി. കനാലിലെ ചരക്കുഗതാഗതം പുനസ്ഥാപിച്ചു. ഒരാഴ്ചയോളം നീണ്ട ട്രാഫിക് ബ്ലോകാണ് ഇതോടെ ഇല്ലാതായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനാലിന് കുറുകെ ഭീമന്‍ ചരക്കുകപ്പല്‍ കുരുങ്ങിയത്. ടഗ് ബോടുകളുടെ സഹായത്തോടെ എവര്‍ ഗിവണെന്ന ഭീമന്‍ ചരക്കുകപ്പല്‍ സൂയസ് കനാലിലൂടെ നീങ്ങുന്നത് പ്രാദേശിക മാധ്യമങ്ങള്‍ ലൈവ് ടെലികാസ്റ്റ് ചെയ്തിരുന്നു.

‘അവള്‍ സ്വതന്ത്രയായി’യെന്നാണ് ചരക്കുകപ്പലിനെ നീക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഡച് കമ്ബനി സ്മിറ്റ് സാല്‍വേജ് പറഞ്ഞത്. എവര്‍ ഗിവണ്‍ കനാലില്‍ നിന്ന് മാറാനായി കാത്ത് കിടന്നിരുന്നത് 369ഓളം
ചരക്കുകപ്പലുകളാണ്. 20000 ടണ്ണോളം മണലാണ് കപ്പലിന് ചുവട്ടില്‍ നിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച്‌ നീക്കം ചെയ്തത്.


നിയന്ത്രണം നഷ്ടമായത് മൂലമാണ് ഭീമന്‍ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നത്. ഇതോടെ ഈ സമുദ്രപാത പൂര്‍ണമായും അടയുകയായിരുന്നു. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്.

നെതര്‍ലാന്‍ഡിലെ റോടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്‍വാനിലെ ഒരു കമ്ബനിയായ എവര്‍ ഗ്രീന്‍ മറൈനാണ് കപ്പലിന്‍റെ ചുമതലയിലുള്ളത്.

ഇരു വശങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു കപ്പലിന്‍റെ കിടപ്പ്. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ പറഞ്ഞു.

സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. 2017ല്‍ ജപ്പാനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ് സാങ്കേതിക തകരാറ് മൂലം ഇടിച്ച്‌ തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here