ഗാസിയാബാദ്: ശവസംസ്ക്കാര ചടങ്ങു നടക്കുന്നതിനിടെ ശ്മശാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 18 പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മുരദ്നഗര് പ്രദേശത്താണ് സംഭവം. മുരദ്നഗര് പൊതുശ്മശാനത്തില്‍ ശവസംസ്ക്കാര ചടങ്ങ് നടക്കുന്നതിനിടെ പ്രധാന ഹാളിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഈ സമയത്ത് ഹാളിനുള്ളില്‍ അമ്ബതിലേറെ പേര് ഉണ്ടായിരുന്നു.
നാട്ടുകാരും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 30ല്‍ ഏറെ പേരെ ഉടന്‍ തന്നെ പുറത്തെത്തിക്കാന്‍ കഴിഞ്ഞു. ഇവരെ ഗാസിയാബാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലപ്പഴക്കമാണ് മേല്‍ക്കൂര തകര്‍ന്നു വീഴാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്മശാനത്തിലുണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ ദുരിതാശ്വാസ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ ഉള്‍പ്പെട്ടവരില്‍ സ്ത്രീകളുമുണ്ട്. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുരദ്നഗര് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം മരിച്ചയാളുടെ ശവസംസ്ക്കാര ചടങ്ങ് നടക്കുന്നതിനിടെയാണ് ശ്മശാനത്തില്‍ ദുരന്തമുണ്ടായത്. നേരത്തെ മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്.
