കൊല്ലം;  സോളര്‍ കേസില്‍ വെളിപ്പെടുത്തലുമായി കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ബന്ധുവും വിശ്വസ്തനുമായ ശരണ്യ മനോജ്. പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും പി.എ പ്രദീപ് കോട്ടാത്തലയുമാണെന്നാണ് വെളിപ്പെടുത്തല്‍.

ഗണേഷായിരുന്നു കേസിലെ മുഖ്യപ്രതി. പക്ഷേ പിന്നെ, ഗണേഷ് പറയുന്നതിനനുസരിച്ചാണ് ഇര, കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയില്‍ മൊഴി നല്‍കിയിരുന്നത്. ദൈവം പോലും പൊറുക്കാത്ത തരത്തിലാണ്, പിന്നെ ഗണേഷും പി.എയും കേസിലെ പ്രതിയെക്കൊണ്ട് ഓരോന്നും പറയിക്കുകയും എഴുതിക്കുകയും ചെയ്തിരുന്നതെന്ന് ശരണ്യ മനോജ് പറയുന്നു. കേസില്‍ സി.പി.എം നേതാവ് സജി ചെറിയാന്‍ ഗൂഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു. ആരോപണങ്ങള്‍ എല്ലാം പരാതിക്കാരി നിഷേധിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തല്‍. കെ.ബി.ഗണേഷ് കുമാറിന്‍റെ അടുത്ത ബന്ധുവും സോളര്‍ വിവാദ കാലത്ത് കേരളകോണ്‍ഗ്രസ് ബിയുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാനും മൊഴിമാറ്റാന്‍ ഇടപെട്ടുവെന്ന് മനോജ് പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരെ മൊഴി നല്‍കരുതെന്നാണ് ഗണേഷും പ്രദീപും ആവശ്യപ്പെട്ടതെന്നായിരുന്നു പരാതിക്കാരിയുടെ മറുപ‌ടി. സോളര്‍ കേസില്‍ അന്വേഷണം സര്‍ക്കാര്‍ വീണ്ടും സജീവമാക്കുകയും നടിയെ അക്രമിച്ച കേസില്‍ പ്രദീപ് കുമാര്‍ അറസ്റ്റിലാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തലിന് പ്രാധാന്യമേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here