കൊല്‍ക്കത്ത: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലി ബംഗാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് ഗാംഗുലി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ കണ്ടത്.
നാല് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് ശക്തമായ പ്രചരണമുണ്ട്. ബി ജെ പിയും മമത ബാനര്‍ജിയും തമ്മില്‍ ശക്തമായ വാക്പോര് നടക്കുന്നതിനിടെയാണ് ഗവര്‍ണറെ മുന്‍ ഇന്ത്യന്‍ നായകന് കണ്ടത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു മാസമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നിരന്തരം പോര്‍വിളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ‘ഇന്ന് വൈകുന്നേരം ബി സി സി ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തി. 1864ല്‍ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡന് ഗാര്ഡന് സന്ദര്‍ശിക്കാനുളള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു’. എന്നായിരുന്നു ഗാംഗുലിക്കൊപ്പമുളള ഫോട്ടോയോടൊപ്പം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.
അതേസമയം, രാജ്ഭവന് സന്ദര്‍ശനത്തെ ‘ഉപചാരപൂര്വമുളള ക്ഷണം’ എന്നാണ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.