ഗഗന്‍യാന്‍ ദൗത്യം; വ്യോമമിത്ര റോബോര്‍ട്ടും ഗഗന്‍യാന്‍ പേടകവും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു

ഡല്‍ഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ഗഗന്‍യാന്‍ മാതൃപേടകം തയ്യാറാകുന്നു. മൂന്ന് സഞ്ചാരികള്‍ക്ക് ഏഴ് ദിവസം ബഹിരാകാശത്ത് കഴിയാനുള്ള സൗകര്യം പേടകത്തിനുണ്ട്. 2020 ഡിസംബറില്‍ വിക്ഷേപണം നടത്തുമെന്നാണ് സൂചന.

പേടകത്തിലെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ ആണ്. ഗഗന്‍യാന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണങ്ങളില്‍ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര എന്ന പേരുള്ള റോബോര്‍ട്ടായിരിക്കും. ഗഗന്‍യാന്‍ വിക്ഷേപിക്കുന്ന വ്യോമമിത്ര ഹ്യൂമനോയിഡ് റോബോര്‍ട്ട് വട്ടിയൂര്‍ക്കാവിലെ ഇനര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിലും തയ്യാറായി. ദൗത്യത്തിനായി മൂന്ന് ബഹിരാകാശ യാത്രികരേയും റഷ്യയില്‍ പരിശീലിപ്പിക്കുന്നുണ്ട്.

ഗഗന്‍യാന്‍ യാത്രാ പേടകത്തിലെ ജീവന്‍ രക്ഷാ സൗകര്യങ്ങളുടെ കാര്യ ക്ഷമത പരിശോധിക്കുക, ഉപകരണങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയ ജോലികള്‍ വ്യോമമിത്ര ചെയ്യും. നാസയുടേയും മറ്റും ബഹിരാകാശ പേടകങ്ങളില്‍ റോബോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഹ്യൂമനോയ്ഡ് വിഭാഗത്തില്‍പ്പെട്ട ആദ്യ ബഹിരാകാശ സഹായിയായി വ്യോമമിത്ര മാറും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന മൂന്ന് പേര്‍ക്കൊപ്പം നാലമത്തെയാള്‍ എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.

2018ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗന്‍യാന്‍ ദൗത്യം പ്രഖ്യാപിച്ചത്. ഇന്ത്യ 75 വര്‍ഷത്തെ സ്വാതന്ത്ര്യം പൂര്‍ത്തിയാക്കുമ്ബോള്‍ 2022ഓടെ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ച നാലാമത്തെ രാജ്യമായി മാറും ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here