ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്റെ കൈകള്‍ തകര്‍ന്ന സംഭവം: നാലുപേരെ കൂടി പ്രതിചേര്‍ത്തു

കണ്ണൂർ: കതിരൂരിലെ മലാലില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി സി.പി.എം. പ്രവര്‍ത്തകന്റെ കൈകള്‍ തകര്‍ന്ന സംഭവത്തില്‍ നാലുപേരെക്കൂടി പൊലീസ് പ്രതിചേര്‍ത്തു. തെളിവ് നശിപ്പിച്ചതിനും വെടിമരുന്ന് അശ്രദ്ധമായി കൈകാര്യംചെയ്തതിനും പൊലീസിനെ വിവരമറിയിക്കാതിരുന്നതിനുമാണ് കേസ്.  അതേസമയം പ്രതികൾ ഒളിവിലാണ്. അവർക്കു വേണ്ടി തെരച്ചിൽ ശക്തമാക്കിയതായി കതിരൂര്‍ ഇന്‍സ്പെക്ടര്‍ സി.കെ.സിജു പറഞ്ഞു.

സ്ഫോടനം നടന്നെന്ന വിവരം അറിഞ്ഞ് പൊലീസെത്തുമ്പോഴേക്ക് സ്ഥലം മഞ്ഞളും വെള്ളവും ചേര്‍ത്ത് കഴുകി വൃത്തിയാക്കിയിരുന്നു. സ്ഫോടനസ്ഥലം വീടിന് മേല്‍ഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനും ചിലർ ശ്രമിച്ചു. വിശദപരിശോധനയില്‍ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തി. ഇതേത്തുടർന്ന് ഫൊറന്‍സിക് വിദഗ്ധരെ കൊണ്ടുവന്ന് പരിശോധിപ്പിക്കുകയായിരുന്നു. പരിശോധനയിൽ അറ്റു പോയ വിരലിന്റെ ഭാഗങ്ങളുംകണ്ടെത്തി. കൂറ്റേരിച്ചാല്‍ പറമ്പത്ത് ഹൗസിങ് കോളനിയിലെ ബിനുവിന്റെ വീട്ടുമുറ്റത്തുണ്ടായ സ്ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റത്.  ഇദ്ദേഹം മംഗളൂരുവിലെ ഫാ. മുള്ളേഴ്സ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ചണനൂലുകളും മറ്റും സ്ഥലത്ത് കണ്ടെത്തിയിരുന്നു.

സുഹൃത്ത് ബിനുവിന്റെ വീട്ടുമുറ്റത്തെ സിമന്റ് ടാങ്കിലേക്ക് കൈതാഴ്ത്തി ബോംബ് നിര്‍മിക്കുമ്പോഴാണ് പൊട്ടിയതെന്നാണ് സൂചന. അറസ്റ്റിലായ ബിനുവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ഫോടനമുണ്ടായ സ്ഥലത്തും മലാലിലും ചൊക്ലിയിലും തൃക്കണ്ണാപുരത്തും ബോംബ് സ്‌ക്വാഡ് വെള്ളിയാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here