ചെന്നൈ: തമിഴ്നാട്ടില്‍ ജ്വല്ലറി ഉടമയുടെ വീട് ആക്രമിച്ച് ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം കവര്‍ന്നു. സംഭവത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനിടെ അക്രമികളിൽ ഒരാളെ വധിക്കുകയും നാലു പേരെ പിടികൂടുകയും ചെയ്തു. റെയില്‍വേ സ്റ്റേഷന് റോഡിലെ ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശയും മകന് അഖിലുമാണ് കൊല്ലപ്പെട്ടത്.
മയിലാടുതുറൈ ജില്ലയിലെ സിര്‍ക്കഴിയിൽ ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചംഗ സംഘം മാരകായുധങ്ങളുമായാണ് ധന്‍രാജിന്റെ വീട്ടിലെത്തിയത്. ആ സമയത്ത് ധൻരാജിന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷണ ശ്രമം തടയാൻ ശ്രമിച്ചതോടെ ആശയെയും മകൻ അഖിലിനെയും അക്രമികൾ ക്രൂരമായി ആക്രമിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. വൈകാതെ ഇരുവരും മരിച്ചു.
വീട്ടിനുള്ളിലെ മുറിയിലെ അലമാരയിലുണ്ടായിരുന്ന 16 കിലോ സ്വർണവുമായി അക്രമികൾ ഉടൻ തന്നെ അവിടെ നിന്നു കടന്നു കളഞ്ഞു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും അക്രമികളുടെ കൈയിൽ മാരകായുധങ്ങൾ ഉള്ളതിനാൽ ആരും അടുക്കാൻ ശ്രമിച്ചില്ല. വിവരം അറിഞ്ഞു പോലീസ് ഉടൻ സ്ഥലത്തെത്തി. അയൽവാസികൾ നൽകിയ വിവരം അനുസരിച്ച് പൊലീസ് പ്രതികളെ പിന്തുടർന്നു.
ഒടുവിൽ ഇരിക്കൂർ എന്ന സ്ഥലത്തെ വയലിൽ ഒളിച്ചിരുന്ന പ്രതികളെ പൊലീസ് കണ്ടെത്തി. തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച ഇവർക്കെതിരെ പൊലീസ് വെടിയുതിർത്തു. ഇതിൽ ഒരാൾ മരിച്ചു. മറ്റു നാലു പേരെ പൊലീസ് പിടികൂടി. അറസ്റ്റിലായ നാലു പേരിൽ മൂന്നു പേർക്കും പൊലീസ് നടത്തിയ വെടിവെയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്. കൊള്ളസംഘം രാജസ്ഥാനിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് വെടിവെയ്പ്പിൽ രാജസ്ഥാന് സ്വദേശിയായ മണിപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇരുക്കൂര്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് കൊള്ളസംഘത്തിലെ ഒരാള്‍ വധിക്കപ്പെട്ടത്. രണ്ട് തോക്കുകളും മോഷ്ടിച്ച 16 കിലോ സ്വര്‍ണവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ പ്രതികൾ കൊള്ള നടത്താൻ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്.