ഡല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന് (87) അന്തരിച്ചു. രാജ്യത്തിന്റെ പത്താം തെരഞ്ഞെടുപ്പ് കമ്മിഷണറുടെ അന്ത്യം ഞായറാഴ്ച ഒമ്പതോടെ ചെന്നൈയിലായിരുന്നു.
ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ഡിസംബറിലാണ് ശേഷനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങള്‍ എന്തെല്ലാമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും മനസിലാക്കിക്കൊടുത്തത് ശേഷനാണ്. രാത്രികാല പ്രചാരണങ്ങള്‍ അവസാനിപ്പിച്ച്, തിരിച്ചറിയല്‍ രേഖ നടപ്പാക്കി, തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിച്ച് അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങളാണ് ഇന്നും തുടരുന്നത്.
ശേഷനെ നിയന്ത്രിക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍പോലും നരസിംഹ റാവൂ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ചരിത്രം. 1996 ഡിംസബറിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്.
തമിഴ്നാട് കേഡറിലെ 1955 ബാച്ച് ഐ.എ.എസ്. ഓഫീസറാണ് തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്. 96 ല്‍ രമണ്‍ മഗ്സസെ പുരസ്കാരത്തിന് ശേഷന് അര്‍ഹനായി. ശിവസേന പിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും കെ.ആര്. നാരായണനോട് ശേഷന് തോറ്റിരുന്നു. ഭാര്യ ജയലക്ഷ്മി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അന്തരിച്ചു.