സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം

0
52

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. പരിശോധിച്ച സാമ്പിളുകളില്‍നിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്
ഷോര്‍ട്ട് സര്‍ക്യൂട്ടായി തെളിയിക്കുന്ന ഒന്നും കണ്ടെത്താനിയിട്ടില്ല. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് സര്‍ക്കാരും പോലീസും പ്രഖ്യാപിച്ചത്. ഈ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടര്‍ന്നതാണെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കുന്ന വിധത്തില്‍ ഗ്രാഫിക് ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫാനില്‍നിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല. ഇതില്‍ കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റ് നാല്‍പ്പത്തഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ് പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സര്‍ക്കാരിന്റെയും പോലീസിന്റെയും വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് ഫോറന്‍സിക് പരിശോധനാഫലം.

ഫോറന്‍സിക് ഓഫീസിലെ മൂന്ന് വാള്‍ ഫാനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ഫാനുകളുടെ വയറുകള്‍ പരിശോധിച്ചു. ഇവയ്ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ അഗ്‌നിബാധയുണ്ടാകാന്‍ കാരണമായുള്ള എന്തെങ്കിലും കേടുപാടുകളോ ഇല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തീപിടിത്തമുണ്ടായ സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം ശേഖരിച്ച സാമ്ബിളുകളില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ മദ്യം ഉണ്ടായിരുന്നു. എന്നാല്‍ തീപിടിത്തത്തിന് കാരണമാകുന്ന ഇന്ധനമോ മറ്റോ ഇതില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here