ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രാജ്യത്തുണ്ടാകുമെന്നും അതിനായി തയ്യാറെടുക്കണമെന്നും മുന്നറിയിപ്പുമായി സുപ്രീംകോടതി. ഡല്‍ഹിയിലെ ഓക്‌സിജന്‍ വിതരണം സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം രാജ്യുത്തുടനീളം ഓക്‌സിജന്‍ വിതരണം ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മഹാമാരിയുടെ രണ്ടു ഘട്ടങ്ങളില്‍ നിന്ന് മൂന്നാം ഘട്ടം വ്യത്യസ്തമായിരിക്കുമെന്നും അതിനായി തയ്യാറെടുക്കുണ്ടതുണ്ട്. രാജ്യത്ത് ഓക്‌സിജന്‍ ഓഡിറ്റ് പരിശോധിക്കണമെന്നും ഓക്‌സിജന്‍ വിതരണം പരിശോധിക്കണമെന്നും കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

അതേസമയം ഡല്‍ഹിയിലെ ഓക്‌സിജന്‍ വിതരണം സംബന്ധിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ 730 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. ഡല്‍ഹിയില്‍ 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വതരണം ചെയ്യണമെന്ന് ബുധനാഴ്ച കേന്ദ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

ഡല്‍ഹിയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഡല്‍ഹിക്ക് വലിയ അളവില്‍ ഓക്‌സിജന്‍ വിതരണെ ചെയ്യുന്നത് തുടരുമെന്നും എന്നാല്‍ അത് മറ്റു സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ലഭ്യതയെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ കോവിഡ് തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയരാഘവന്‍ പറഞ്ഞു.

നിലവിലെ കോവിഡ് വകഭേദങ്ങള്‍ക്ക് വാക്സിന്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും പ്രത്യക്ഷപ്പെട്ടേക്കാം. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുന്നതോ കൂട്ടുന്നതോ ആയ വകഭേദങ്ങള്‍ വ്യാപിച്ചേക്കും’അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുണ്ട്. ഏഴ് സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ കോവിഡ് കേസുകളുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷത്തോളം കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ മരണസംഖ്യ വര്‍ദ്ധിച്ചു. പുതിയ വകഭേദങ്ങള്‍ വേഗത്തില്‍ മനുഷ്യരിലേക്ക് പടരുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം വൈറസ് മൃഗങ്ങളിലേക്ക് പടരുന്നില്ലെന്നും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നതെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് വര്‍ധനവുമായി പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര- 57,640, കര്‍ണാടക-50,112, കേരളം- 41,953,ഉത്തര്‍പ്രദേശ്-31,111, തമിഴ്‌നാട്-23,310.

LEAVE A REPLY

Please enter your comment!
Please enter your name here