കൊച്ചി/ഡല്‍ഹി: മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് അതുണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അതേസമയം, പൊളിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ട് ഫഌറ്റുകള്‍ക്ക് നിയമസഭ നല്‍കിയിരിക്കുന്നത് താല്‍ക്കാലിക കെട്ടിട നമ്പറുകളാണെന്ന രേഖകകളും പുറത്തുവന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഫാറ്റ് ഉടമകളും രംഗത്തെത്തി.

ഫഌറ്റ് പൊളിക്കണമെന്നും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് വി.എസ്. അച്യൂതാനന്ദന്‍, വി.എം. സുധീരന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയും എത്തിയിരിക്കുന്നത്. രണ്ടു മുന്നണികളിലും വിഷയത്തില്‍ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് ഫഌറ്റ് നിര്‍മ്മാണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതും പുതിയ ആവശ്യങ്ങള്‍ കോടതിക്കു മുന്നിലെത്തുന്നതും.

മരട് സ്വദേശിയായ എന്‍.ജി. അഭിലാഷാണ് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പൊളിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ഫഌറ്റിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നയാളെന്ന നിലയിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പാരിസ്ഥിതിക നഷ്ടത്തിന് നിയമം ലംഘനം നടത്തിയവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതിനിടെയാണ്, ആല്‍ഫ വെഞ്ചേഴ്‌സ്, ജെയ്ന്‍ ഹൗസിംഗ് എന്നിവിടങ്ങളിലെ ഫഌറ്റുകള്‍ക്ക് നഗരസഭ നല്‍കിയിരിക്കുന്നത് യു.എ സര്‍ട്ടിഫിക്കറ്റാണെന്ന രേഖകള്‍ പുറത്തുവരുന്നത്. കോടതി ഉത്തരവുണ്ടായാല്‍ ഒഴിയണമെന്ന ഉപാധിയോടെയാണ് നമ്പര്‍ നല്‍കിയിട്ടുള്ളത്. ഇതോടെയാണ് അനുമതി സംബന്ധിച്ച കാര്യങ്ങള്‍ മറച്ചുവച്ചാണ് ഫഌറ്റുകള്‍ വിറ്റതെന്ന ആരോപണവുമായി ഉടമകള്‍ രംഗത്തെത്തിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉടമകള്‍ മുന്നോട്ടു വയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here