കൊച്ചി: ഫ്ളാറ്റില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. സേലം സ്വദേശിനി കുമാരി ആണ് മരിച്ചത്. വീട്ടുജോലിക്കാരിയായിരുന്നു ഇവര്‍. ഞായറാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഡിസംബര്‍ നാലിനാണ് കുമാരിയെ കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള ലിങ്ക് ഹൊറൈസന്‍ ഫ്ളാറ്റില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫ്ളാറ്റുടമ അഭിഭാഷകനായ ഇംത്യാസ് അഹമ്മദിനെതിരെ പോലീസ് കേസെടുത്തിരുന്നു. വീട്ടു ജോലിക്കാരിയായിരുന്ന കുമാരി ഇംത്യാസില്‍ നിന്നും 10,000 രൂപ അഡ്വാന്‍സായി കൈപ്പറ്റിയിരുന്നു. പിന്നീട് അത്യാവശ്യമായി വീട്ടില്‍ പോകണമെന്ന് പറഞ്ഞുവെങ്കിലും പണം തിരികെ നല്‍കാതെ പോകാനാകില്ലെന്ന് ഇംത്യാസ് പറഞ്ഞുവെന്നും തുടര്‍ന്ന് കുമാരിയെ ഇംത്യാസ് പൂട്ടിയിട്ടെന്നും ഭര്‍ത്താവ് പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍ കുമാരിയെ പൂട്ടിയിട്ടില്ലെന്ന നിലപാടിലാണ് ഇംത്യാസും ഭാര്യയും. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. സംഭവത്തില്‍ പരാതിയില്ലന്ന് മരിച്ച കുമാരിയുടെ ബന്ധുക്കള്‍ പറഞ്ഞു. കുമാരിയുടെ മരുമകനാണ് തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞത്. എന്നാലും സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.