- സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പതിമൂന്നായി. സംഘര്‍ഷം വ്യാപിക്കുന്ന നാലിടത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 48 പോലീസുകാരടക്കം ഇരുന്നൂറോളം പേര് പരിക്കേറ്റു വിവിധ ആശുപത്രികളിലാണ്. ഇവരില്‍ എഴുപതോളം പേര് വെടിയേറ്റാണ് ആശുപത്രികളിലെത്തിയത്. രാത്രിയിലും ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നാമതും ഉന്നതതലയോഗം വിളിച്ചു. പുതുതായി നിയോഗിച്ച ഡല്‍ഹി സ്പെഷല്‍ കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു. അമിത്ഷായുടെ ഇന്നത്തെ തിരുവനന്തപുരം യാത്ര ഒഴിവാക്കി.
- നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു തീയിട്ടു. ജാഫ്രാബാദില്‍ ആക്രമികള്‍ പളളി കത്തിച്ചു. പള്ളി കത്തിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ എന്‍.ഡി.ടി.വി അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു പരിക്ക്.
- തെരുവുകളില്‍ ഇരുമ്പുവടികളും ആയുധങ്ങളുമേന്തി ആക്രമികള്‍ നില്ക്കുന്നു. ബജന്‍പുര, ജാഫറാബാദ്, മൗജ്പൂര്, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവിടങ്ങില്‍ പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.
- ഡല്‍ഹിയില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തുവെന്ന് കേജ്രിവാള് അറിയിച്ചു.
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതിഷേധിച്ചും അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം പത്തായി. വടക്ക് കിഴക്കല്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷായും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും ഉന്നതതല യോഗങ്ങള്‍ വിളിച്ചു.
സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംഘര്‍ഷത്തിനിടെ, പോലീസിനുനേരെ വെടിവച്ച മുഹമ്മദ് ഷാരൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിനിടയില്‍ മൗജ്പൂരിയില് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സി.ആര്.പി.എഫ്, ഡല്‍ഹി പോലീസ്, സമരക്കാര്‍ തുടങ്ങി അമ്പതോളം പേര്‍ക്ക് ആക്രമങ്ങളില്‍ പരിക്കേറ്റു. എട്ടോളം പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എട്ടു കമ്പനി സി.ആര്.പി.എഫിനെയും രണ്ടു കമ്പനി ദ്രുതകര്‍മ്മ സേനയെയും സംഘര്‍ഷ മേഖലകളില്‍ നിയോഗിച്ചിട്ടുണ്ട്.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടു. ആക്രമണത്തിനു ആഹ്വാനം ചെയ്തുവെന്നാരോപിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പോലീസിനു പരാതി നല്കി.