തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ റാന്നി എത്തലയിലെ ഒരു കുടുംബത്തില്‍പ്പെട്ട അഞ്ചു പേര്‍ക്ക് കോവിഡ് 19 (കൊറോണ) ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ദമ്പതികളും മകനും അടങ്ങുന്ന മൂന്നംഗ സംഘം അടുത്തിടെ ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയതാണ്. രണ്ടു പേര് അടുത്ത ബന്ധുക്കളാണ്.
അഞ്ചുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച രാത്രി ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതു മുതല്‍ പത്തനംതിട്ട ജില്ലയിലും ഇവര്‍ വിമാനമിറങ്ങിയ എറണാകുളം ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. രോഗബാധിതരുടെ വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ക്ക് പനിയുള്ളതിനാല്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടണ്ട്. രോഗലക്ഷണങ്ങളുമായി ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയെയാണ് സമീപിച്ചത്. ഇവിടുത്തെ ഡോക്ടര്‍മാരും നഴ്സുമാരും നിരീക്ഷണത്തിലാണ്.
ഫെബ്രുവരി 29നാണ് 55 കാരനും ഭാര്യയും 22 കാരനായ മകനും ഇറ്റലിയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയത്. ഇവര്‍ക്കൊപ്പം ഖത്തര്‍ എയര്‍വേയ്സ് (ക്യൂ.ആര്. 126) വിമാനത്തില്‍ യാത്ര ചെയ്തിരുന്നവര്‍ ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. 29ന് രാവിലെ 8.20നാണ് വിമാനം കൊച്ചിയിലെത്തിയത്. സംഘം വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരായിരുന്നില്ലെന്നും ആശുപത്രിയിലേക്കു വരാന്‍ വിമുഖത കാട്ടിയിരുന്നതായും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്വകാര്യ വാഹനത്തിലാണ് ഇവര്‍ റാന്നിയിലേക്ക് പോയത്.
കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍, രോഗ ലക്ഷണങ്ങളുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അഭ്യര്‍തഥിച്ചു.