തിരുവനന്തപുരം: കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ സംശയങ്ങളുയര്‍ത്തിയ സി.എ.ജിക്കെതിരെ പോര്‍മുഖം തുറന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി വായ്പകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി കണ്ടെത്തിയെന്നു വ്യക്തമാക്കിക്കൊണ്ടാണ് ധനമന്ത്രി രംഗത്തെത്തിയത്. ധനമന്ത്രിക്കെതിരെ ഗുരുതരചട്ടലംഘനം അടക്കം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും രംഗത്തെത്തിയതോടെ വിവാദം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊഴുത്തു. വിഷയത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും ഇടപെടാന്‍ സര്‍ക്കാരും പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്.

കിഫ്ബിയില്‍ 1999 മുതല്‍ ഒമ്പതു തവണ സി ആന്റ് എ.ജി. പരിശോധന നടത്തിയപ്പോഴൊന്നും ഉന്നയിക്കാത്ത കണ്ടെത്തലുകള്‍ ഇപ്പോഴെവിടെ നിന്നുവന്നുവെന്ന് തോമസ് ഐസക് ചോദിക്കുന്നു. സി.എ.ജിയായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് തോന്നിയതുപോലെ വ്യാഖ്യാനിക്കാനുള്ളതല്ല ഭരണഘടനയെന്നും ഐസക് പറഞ്ഞു വച്ചു.

ഓഡിറ്റിംഗിന്റെ ബാലപാഠങ്ങള്‍ മറന്ന് രാഷ്ട്രീയ യജമാനനുവേണ്ടി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് സി.എ.ജിയെന്ന് തുറന്നടിച്ച തോമസ് ഐസക് കിഫ്ബിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം കേരളം അനുവദിച്ചുതരുമെന്ന് കരുതരുതെന്ന മുന്നറിയിപ്പാണ് നല്‍കിയത്. നേരത്തെ കിഫ്ബി വഴി എടുക്കുന്ന പണം സര്‍ക്കാരിന്റെ ദൈനംദിന ബജറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്നത് ഇപ്പോള്‍ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. വായ്പാ തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കു വരില്ല. ധനകമ്മി നിബന്ധനകള്‍ കിഫ്ബി ലംഘിക്കില്ലെന്നു ഉറപ്പു വരുത്താനാണ് ഇതു ചെയ്തതെന്നും ഐസക് പറയുന്നു. എന്തു അസംബന്ധവും വിളിച്ചു കൂവാനുള്ള പദവിയല്ല സി.എ.ജിയുടേതെന്നും ആ പാഠം അറിയില്ലെങ്കില്‍ കേരളമതു പഠിപ്പിക്കുമെന്ന മുന്നറിയിപ്പും ഐസക്ക് നല്‍കുന്നു.

2017ലെ സി.എ.ജി. റിപ്പോര്‍ട്ടില്‍ കിഫ്ബി ബജറ്റ് പ്രസംഗത്തില്‍ ലക്ഷ്യമിട്ട ചെലവ് വൈകരിച്ചില്ലെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. 2018ലെ റിപ്പോര്‍ട്ടില്‍ കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പകളാണെന്ന പരാമര്‍ശമേയുള്ളൂ. ഇവിടെയെങ്ങും കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദമില്ല. പിന്നെ നിലപാട് മാറ്റാള്‍ ഇപ്പോള്‍ എന്തുണ്ടായിയെന്ന ചോദ്യമാണ് ഐസക് ഉയര്‍ത്തുന്നത്. ഇക്കൊല്ലത്തെ ജനുവരി മാസത്തിലാരംഭിച്ച ഓഡിറ്റിംഗില്‍ 76 ക്വറികളാണ് എ.ജിയുടെ ഓഫീസ് നല്‍കിയത്. ഓഡിറ്റ് വേളയിലോ എക്‌സിറ്റ് വേളയിലോ ക്രമക്കേടുകളെക്കുറിച്ചോ ഭരണഘടനാ സാധ്യതയെക്കുറിച്ചോ ആക്ഷേപം ഉന്നയിച്ചിട്ടില്ല. എന്നിട്ടിപ്പോള്‍ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന് കരട് റിപ്പോര്‍ട്ടുമായി എ.ജി. ഇറങ്ങിയിരിക്കുകയാണെന്നാണ് ഐസക് പറയുന്നത്.

സി.എ.ജിയുടെ കണ്ടെത്തലുകളെ തള്ളിയ ഐസക് വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിനുള്ള ഒരു ആയുധമായി തല്‍പരകക്ഷികള്‍ സി.എ.ജിയെ ഉപയോഗിക്കുന്നതിന്‍െ റതെളിവാണ് ഈ അസംബന്ധ നിലപാടെന്നും പറഞ്ഞുവച്ചു. ബി.ജെ.പിക്കാര്‍ കിഫ്ബിക്കെതിരെ നല്‍കിയ പരാതികളില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനാണ് ഹാജരാകുന്നതെന്നടക്കമുള്ള രാഷ്ട്രീയ ആരോപണങ്ങളും ഐസക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. തുറന്നപോരിന് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ കൂടി ഭാഗമാണ് ധനമന്ത്രിയുടെ പോര്‍മുഖം തുറക്കല്‍. കരട് റിപ്പോര്‍ട്ടിന് ചീഫ് സെക്രട്ടറി രേഖാമൂലം വിയോജനക്കുറിപ്പ് നല്‍കും.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു പിന്നാലെ സി.എ.ജിക്കെതിരെയും ഐസക് പോര്‍മുഖം തുറന്നതിനു പിന്നാലെ മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാത്ത റിപ്പോര്‍ട്ടിനെപറ്റിയുള്ള ധനമന്ത്രിയുടെ പരാമര്‍ശം ഗുരുതര ചട്ടലംഘനമാണെന്നും അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റിപ്പോര്‍ട്ട് എവിടെ നിന്നാണ് ഐസക്കിന് കിട്ടയതെന്ന് ചെന്നിത്തല ചോദിച്ചു. കേരളത്തിന്റെ രിത്രത്തിലാദ്യമായാണ് ഒരു മന്ത്രി തന്റെ വകുപ്പിനെ കുറിച്ചുള്ള ഓഡിറ്റ് പാര റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടുകൊണ്ട് പത്രസമ്മേളനം നടത്തുന്നത്. ഭരണഘടന തൊട്ട് സത്യം ചെയ്ത ഒരു മന്ത്രിക്ക് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത, ഫൈനലൈസ് ചെയ്യാത്ത റിപ്പോര്‍ട്ട് എങ്ങനെ പരസ്യപ്പെടുത്താന്‍ സാധിക്കും. ധനമന്ത്രി നിയമസഭയുടെ അവകാശത്തെ ലംഘിച്ചിരിക്കുകയാണ്. ധനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുന്നത് ഇതിനാലാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിക്കുന്നു.

ധനമന്ത്രിയെ വിമര്‍ശിച്ച് ബി.ജെ.പിയും രംഗത്തെത്തി. സി.എ.ജിയെ ഭീഷണിപ്പെടുത്തുന്ന ധനമന്ത്രി കേരളം ഇന്ത്യയിലാണെന്ന് ഓര്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. കിഫ്ബിയെന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറിയെന്നും ഐസക്ക് നടപ്പിലാക്കുന്ന പല പദ്ധതികളിലും വന്‍ അഴിമതിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സി.പി.എം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണ വെളുപ്പിക്കലും നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here