സാമ്പത്തിക സംവരണം; അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിൽ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു. സാമ്പത്തിക സംവരണത്തിനുള്ള അർഹത നിശ്ചയിക്കുന്നത് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നിരിക്കെ, മുന്നാക്ക സമുദായ അംഗങ്ങൾക്ക് സംവരണത്തിലെ പ്രയോജനം ലഭ്യമാകുന്നില്ല എന്നാണ് ആരോപണം.

മുന്നാക്ക സമുദായ പട്ടിക കാലവിളംബം കൂടാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് സമർപ്പിച്ച ഹർജിക്കൊപ്പം ആണ് എൻഎസ്എസ് ഉപഹർജി നൽകിയത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം സർക്കാർ നടപ്പാക്കിയെങ്കിലും ആ വിഭാഗത്തിന് അതിന്റെ പ്രയോജനം വേണ്ടവണ്ണം ലഭിക്കുന്നില്ല എന്നാണ് സുകുമാരൻ നായർ ചൂണ്ടിക്കാട്ടുന്നത്.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭരണഘടന അനുശാസിക്കുന്ന സംവരണം ലഭിക്കാത്തത് സംസ്ഥാനത്ത് ഇത് നടപ്പിലാക്കിയതിലുള്ള അപാകതകൾ മൂലമാണെന്ന് സുകുമാരൻനായർ ആരോപിച്ചു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് എൻഎസ്എസ് നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയതാണ്

സംസ്ഥാന സർക്കാർ നിയമിച്ച മുന്നോക്ക കമ്മീഷൻ മുന്നോക്ക സമുദായങ്ങളുടെ പട്ടിക ഉൾപ്പെടുന്ന റിപ്പോർട്ട് 2019 ൽ സമർപ്പിക്കുകയും സർക്കാർ അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ മുന്നോക്ക സമുദായ പട്ടിക നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് സുകുമാരൻ നായർ പറയുന്നു. ഇത് സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നോക്ക വിഭാഗത്തിന് ലഭിക്കാതിരിക്കാൻ ഒരു പ്രധാന കാരണമാണ്.

സാമ്പത്തിക സംവരണം നിശ്ചയിക്കുന്നത് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിലാണ്. മുന്നോക്ക സമുദായ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് സംവരണം ലഭിക്കാതിരിക്കാൻ അതുകൊണ്ടുതന്നെ കാരണമാകുന്നു. ഏതൊക്കെ സമുദായത്തിന് സംവരണ അർഹതയുണ്ട് എന്നത് ഈ പട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ അറിയാൻ കഴിയൂ.

LEAVE A REPLY

Please enter your comment!
Please enter your name here