ജനപ്രീയ മൊബൈൽ ഗെയിം പബ്ജിയെ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ നിരാശയിലായവർക്ക് ആശ്വാസമായി ഒക്ടോബറിലാണ് ഫൗജി ഗെയിമിന്റെ പ്രഖ്യാപനമുണ്ടായത്. ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ് (FAU-G)’ ആണ് ഫൗജി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന് അർത്ഥമുള്ളത് യാദൃശ്ചികമല്ല) ഗെയിം തയ്യാറാക്കുന്നത്. നവംബറിൽ എത്തും എന്നായിരുന്നു പ്രഖ്യാപനം എങ്കിലും പലകാരണങ്ങളാൽ ലോഞ്ച് നീണ്ടു.
ഒടുവിൽ ഈ മാസത്തിന്റെ തുടക്കത്തിലാണ് റിപ്പബ്ലിക്ക് ദിനത്തിൽ ഫൗജി ഗെയിം ലോഞ്ച് ചെയ്യും എന്ന പ്രഖ്യാപനമുണ്ടായത്. ഗെയിമിന്റെ വരവിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രീ രജിസ്ട്രേഷനുകൾ 40 ലക്ഷം കഴിഞ്ഞു എന്ന് എൻകോർ ഗെയിംസ് വ്യക്തമാക്കി. ലോഞ്ചിന് മുൻപായി പ്രീ രജിസ്ട്രേഷനുകൾ 5 മില്യൺ കവിയുമെന്നാണ് പ്രതീക്ഷ എന്ന് എൻകോർ ഗെയിംസ് സ്ഥാപകൻ വിശാൽ ഗോണ്ടൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുക്കതിൽ പ്രത്യാശ പ്രകടിപ്പിച്ചു.
ഈ മാസം 26-ന് റിപ്പബ്ലിക് ദിനത്തിൽ ഫൗജി ഗെയിമിന്റെ ലോഞ്ച് നടക്കും എന്ന പ്രഖ്യാപനത്തോടൊപ്പം ഗെയിമിന്റെ ആൻതം സോങ് വിഡിയോയും എൻകോർ ഗെയിംസ് പുറത്തുവിട്ടിട്ടുണ്ട്. ഒരു മിനിറ്റ് 38 സെക്കന്റ് ദൈർഖ്യമുള്ള ആൻതം സോങ് വിഡിയോയിൽ ചൈനീസ് പട്ടാളക്കാരെ തുരത്തിയോടിക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ കാണാം. ലഡാക്കിന്റെ പശ്ചാത്തലത്തിൽ ആണ് ഏവരെയും ആവേശത്തിലാഴ്ത്തുന്ന ഫൗജി ഗെയിം ആൻതം സോങ് ഒരുക്കിയിരിക്കുന്നത്. 18 ലക്ഷത്തിലേറെ വ്യൂ നേടി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഫൗജി ഗെയിം ആൻതം സോങ്.