ഡല്‍ഹി: മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച സമിതി ജനുവരി 19 ന് ആദ്യയോഗം ചേരുമെന്ന് സമിതി അംഗം അനിത് ഘന്വാത് അറിയിച്ചു. ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാംപസിലാണ് യോഗം. ഘന്വാതിനെ കൂടാതെ കാര്‍ഷിക സാമ്ബത്തിക വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരാണ് സമിതി അംഗങ്ങള്‍.
മൂന്ന് നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി ജനുവരി 11 ന് സ്റ്റേ ചെയ്തിരുന്നു. ഒപ്പം ഈ സമിതിയെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ തങ്ങള്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ പരേഡുമായി മുന്നോട്ട് പോകുമെന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക യൂണിയനുകള്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ഔട്ടര്‍ റിങ് റോഡില്‍ തങ്ങള്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് സിംഗു അതിര്‍ത്തിയിലെ സമരസ്ഥലത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിച്ച യൂണിയന് നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. “പരേഡ് വളരെ സമാധാനപരമായിരിക്കും.
റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാകില്ല. കൃഷിക്കാര്‍ അവരുടെ ട്രാക്ടറുകളില്‍ ദേശീയ പതാക സ്ഥാപിക്കും,” അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ മാര്‍ച്ച് ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു തടസ്സമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണെന്നും അത് തടയാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതേസമയം കര്‍ഷക സമരത്തിന്റെ ഭാഗമാവുകയോ പിന്തുണക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ എന്‍ഐഎ കേസുകള്‍ ഫയല്‍ ചെയ്യുകയാണെന്ന് കര്‍ഷക സംഘടനാ നേതാവ് ദര്ശന് പാല് സിങ് പറഞ്ഞു. “എല്ലാ കര്‍ഷക യൂണിയനുകളും ഇതിനെ അപലപിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു. നിരോധിത സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ ഒരു കര്‍ഷക യൂണിയന് നേതാവിന് എന്‍ഐഎ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ട് പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രധാനമായും പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലായി ഒരു മാസത്തിലേറെയായി പ്രതിഷേധിക്കുന്നത്.