കാ‍ര്‍ഷിക നിയമം ഒന്നര വ‍ര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കര്‍ഷകര്‍

ഡൽഹി: കാർഷിക നിയമം ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം കർഷകർ തള്ളി. കർഷകരുടെ പുതിയ സമിതി രൂപീകരിച്ച ശേഷം ചർച്ച നടത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. വിവാദ നിയമം പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം.

ബുധനാഴ്ച കർഷകരുമായി നടത്തിയ പത്താംവട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. തുടർന്ന് കൂടിയാലോചനയ്ക്കു ശേഷം വ്യക്തമാക്കാമെന്നാണ് കർഷകർ വ്യക്തമാക്കിയത്. സംയുക്ത കിസാൻ മോർച്ച യോഗം ചേർന്നതിനു ശേഷമാണ് കേന്ദ്രത്തിന്റെ നിർദ്ദേശം തള്ളിയത്.

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നും മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുന്ന രീതിയിൽ താങ്ങുവില ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ആവർത്തിക്കുകയാണെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. കർഷക സമരത്തിന്റെ 58-ാം ദിനം പിന്നിടുകയാണ് വ്യാഴാഴ്ച.

റിപ്പബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഔട്ടർ ഡൽഹിയിലെ റിങ് റോഡിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here