കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ സന്തുഷ്ടര്‍’; സുപ്രിംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമായ സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തേക്കുമെന്ന സൂചന സുപ്രീംകോടതി നല്‍കി മണിക്കൂറുകള്‍ക്കമാണ് കേന്ദ്രത്തിന്റെ നീക്കം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായീകരിക്കാനാകില്ലെന്നും സ്വീകാര്യമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമങ്ങള്‍ ധൃതി പിടിച്ച്‌ ഉണ്ടാക്കിയതല്ല. രണ്ട് ദശാബ്ദങ്ങളായി അതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷമാണ് നിയമനിര്‍മാണം നടത്തിയതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

പുതിയ നിയമത്തില്‍ രാജ്യത്തെ കര്‍ഷകര്‍ സന്തോഷവാന്‍മാരാണ്. കാരണം നിലവിലുളളതിന് പുറമേ അവര്‍ക്ക് കൂടുതല്‍ വരുമാനത്തിനുളള വഴി നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ നിയമനിര്‍മാണത്തില്‍ നിക്ഷിപ്ത താല്‍പര്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കര്‍ഷകരുടെ മനസില്‍ തെറ്റിദ്ധാരണ നീക്കാന്‍ എല്ലാ ശ്രമവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.

സ്വതന്ത്ര വിപണിയിലേക്കുളള തടസങ്ങള്‍ നീക്കി കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പുനല്‍കുന്നതിനാണ് നിയമനിര്‍മാണം നടത്തിയത്. പരിഷ്‌കാരങ്ങളെ അതിന്റെ യഥാര്‍ത്ഥ രീതിയില്‍ ഉള്‍ക്കൊളളാനോ പൂര്‍ണമായി നിയമങ്ങള്‍ നടപ്പിലാക്കാനോ സംസ്ഥാനങ്ങള്‍ ശ്രമിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമങ്ങള്‍ക്ക് രാജ്യമൊട്ടാകെ പിന്തുണ ലഭിക്കുന്നുണ്ട്. ചിലര്‍ മാത്രമാണ് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here