കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന് പിന്മാറി. കര്‍ഷക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്ന് മന് പറഞ്ഞു. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് തീരുമാനമെന്നും പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ഭൂപീന്ദര്‍ സിംഗ് മന് കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിയമങ്ങള്‍ ചില ഭേദഗതിയോടെ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സമിതി അംഗങ്ങള്‍ നിയമങ്ങള്‍ക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നും കര്‍ഷക നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു കര്‍ഷകനെന്ന നിലയിലും ഒരു യൂണിയന് നേതാവെന്ന നിലയിലും കര്‍ഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനില്‍ക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത് പഞ്ചാബിന്റെയും കര്‍ഷകരുടേയും താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാന്‍ ഞാന്‍ തയ്യാറാണ്. സമിതിയില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. ഞാന്‍ എല്ലായ്പ്പോഴും എന്റെ കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവും നില്ക്കുന്നു’, മന് പ്രസ്താവനയില്‍ പറഞ്ഞു.
ഭാരതീയ കിസാന്‍ യൂണിയന്, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിങ് മന്. ഇദ്ദേഹമടക്കം സുപ്രീംകോടതി രൂപീകരിച്ച സമതിയിലെ നാല് പേരും കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.