ഡല്‍ഹി: കാര്‍ഷിക നിമയങ്ങള്‍ക്ക് താല്‍ക്കാലിക സ്റ്റേ നില്‍കി സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സമിതിയില്‍ മൂന്നുപേര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍ പറഞ്ഞു.
സമിതി അംഗങ്ങളില്‍ മൂന്നുപേര്‍ നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. സമിതി അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാരാണോ നിര്‍ദേശിച്ചത് എന്ന് വ്യക്തമാകണം. സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാര്‍ക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും വേണുഗോപാല്‍ ചോദിച്ചു.
ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദമാകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സുപ്രീംകോടതി ഇടപെടലിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ജനരോഷം കണക്കിലെടുത്തുള്ള ഇടപെടലാണ്. എന്നാല്‍ ഉത്തരവ് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ പര്യാപ്തമല്ലെന്നും ജനാധിപത്യ വിരുദ്ധനിയമം പിന്‍വലിക്കണമെന്നതാണ് കര്‍ഷകരുടെ നിലപാടെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി നിയമം സ്റ്റേ ചെയ്തത്. നാലംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്. കര്‍ഷക സമരം പരിഹരിക്കുന്നതിന് പ്രത്യേകം സമിതി രൂപവത്കരിക്കും എന്ന് വാദം കേള്‍ക്കവെ സുപ്രീംകോടതി അറിയിച്ചിരുന്നു. സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതില്‍ നിന്നും തങ്ങളെ തടയാന്‍ ലോകത്തൊരു ശക്തിക്കും കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുമ്ബോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. ആരേയും ശിക്ഷിക്കാനുള്ള സമിതിയല്ല ഇത്. സമിതി കോടതിക്കായിരിക്കും റിപ്പോര്‍ട്ട് നല്‍കുകയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.
കാര്‍ഷിക ബില്ലിനെതിരായ ഹരജി പരിഗണിക്കവെ കര്‍ഷക പ്രക്ഷോഭത്തില്‍ സുപീംകോടതി കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. പല സംസ്ഥാനങ്ങളും നിയമങ്ങള്‍ക്കെതിരെ രംഗത്ത് വരുമ്ബോള്‍ കര്‍ഷകരുമായി എന്ത് ആശയവിനിമയമാണ് ഉണ്ടാവുന്നതെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചത്. എന്ത് തരത്തിലുള്ള ഒത്തുതീര്‍പ്പിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകുന്നില്ല. പക്ഷെ പ്രശ്നം പരിഹരിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.