ഛണ്ഡീഗഢ്: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് ജയില്‍ ഡിഐജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു.കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമാധാനപരമായി സമരം നയിക്കുന്ന കര്‍ഷക സഹേദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്നാണ് രാജികത്തില്‍ ലഖ്മീന്ദര്‍ സിങ് വ്യക്തമാക്കിയത്.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ നേരത്തെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ശിരോമണി അകാലിദള്‍ (ഡെമോക്രാറ്റിക്) നേതാവ് സുഖ്‌ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍ തുടങ്ങിയവര്‍ പത്മാ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ നിരവധി കായിക താരങ്ങളും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. വിവാദമായ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ 18 ദിവസമായി രാജ്യതലസ്ഥാനത്തെ അതിര്‍ത്തികളെ സ്തംഭിപ്പിച്ച്‌ കര്‍ഷകര്‍ സമരം തുടരുകയാണ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

താനും ഒരു കര്‍ഷകനായിരുന്നുവെന്ന് ലക്ഷ്മീന്ദര്‍ സിങ് രാജിക്കത്തില്‍ പറഞ്ഞു. തന്‍റെ പിതാവും കര്‍ഷകനായിരുന്നു. അദ്ദേഹം വയലില്‍ അധ്വാനിച്ചാണ് എന്നെ പഠിപ്പിച്ചത്. ഇന്ന് എനിക്കുള്ള നേട്ടങ്ങളെല്ലാം ഒരു കര്‍ഷകനായ പിതാവിന്‍റെ അധ്വാനഫലമാണ്. കര്‍ഷകരോട് ഞാന്‍ എക്കാലവും കടപ്പെട്ടിരിക്കുന്നു – 56കാരനായ ലക്ഷ്മീന്ദര്‍ സിങ് കത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here