ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരേ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ‘സേവകനായി’ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എത്തി.
സിന്‍ഗുവിലെ പ്രതിഷേധ വേദിയിലേക്ക് കെജ്രിവാളിനൊപ്പം മന്ത്രി മാരും എം.എല്‍.എമാരും ഉണ്ടായിരുന്നു. ‘ഞങ്ങളുടെ പാര്‍ട്ടിയും എം.എല്‍.എമാരും നേതാക്കളും സന്നദ്ധപ്രവര്‍ത്തകരായാണ് ഇവിടെ എത്തിയത്. ഞാന്‍ ഇവിടെ എത്തിയത് മുഖ്യമന്ത്രിയായല്ല. ഒരു സേവകനായാണ്. കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയിലാണ്, തങ്ങള്‍ അവരോടൊപ്പം നില്‍ക്കണം. ഡിസംബര്‍ എട്ടിന് രാജ്യത്തുടനീളം നടക്കുന്ന ഭാരത് ബന്ദില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.വിവാദ കാര്‍ഷിക നിയമത്തിനെതിരേ ആയിരക്കണക്കിന് കര്‍ഷകരാണ് ഇവിടെ പ്രതിഷേധിക്കുന്നത്. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നു. അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ന്യായമാണ് എന്നും കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

താനും പാര്‍ട്ടിയും തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പം നിന്നു. അവരുടെ പ്രതിഷേധത്തിന്റെ തുടക്കത്തില്‍ ഒന്‍പത് സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പൊലിസ് അനുമതി തേടിയിരുന്നു. വലിയ സമ്മര്‍ദമുണ്ടായിട്ടും താന്‍ അനുവാദം നല്‍കിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും എത്തിയ കര്‍ഷകര്‍ 10 ദിവസത്തിലേറെയായി സിന്‍ഗു, തിക്രി അതിര്‍ത്തികളില്‍ സമാധാനപരമായ പ്രതിഷേധം നടത്തുകയാണ്.അദാനി – അംബാനി കാർഷിക നിയമങ്ങൾ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകര്യമല്ലെന്നു രാഹുൽ ഗാന്ധി പ്രതികരിച്ചു.യുപിയിലെ കനൗജ് ജില്ലയില്‍ നടത്തുന്ന കിസാന്‍ യാത്രക്ക് മുന്നോടിയായി തന്റെ വീട്ടിലേക്കുള്ള റോഡ് പോലീസ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു

വിക്രമാദിത്യ മാര്‍ഗിലെ വീടിന് സമീപം പോലീസ് ബാരിക്കേഡുകള്‍ നിരത്തി വഴി തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡുകള്‍ മറികടക്കാന്‍ അഖിലേഷും പ്രവര്‍ത്തകരും ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞതോടെയാണ് റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കിസാന്‍ യാത്ര നടത്തുന്നത്. യാത്രക്ക് അധികൃതര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here