ഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരേ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബര്‍ എട്ട് മുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കുമെന്ന് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി). കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉത്തരേന്ത്യയിലേക്കും തുടര്‍ന്ന് രാജ്യത്തുടനീളവും അവശ്യ സാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ സര്‍വീസും അവസാനിപ്പിക്കും. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ വാഹനങ്ങളും അവിടെ നിര്‍ത്തിയിടും. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തുള്ള എല്ലാ വാഹനങ്ങളും നിര്‍ത്തിയിട്ട് ഗതാഗതം സ്തംഭിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും എഐഎംടിസി പ്രസിഡന്റ് കുല്‍തരന്‍ സിങ് വ്യക്തമാക്കി.
ഉരുളക്കിഴങ്ങ്, ഉള്ളി, പഴം, പച്ചക്കറി, ആവശ്യ സാധനങ്ങളായ പാല്, മരുന്ന് എന്നിവയുടെയെല്ലാം നീക്കം തടസപ്പെട്ടിരിക്കുകയാണ്. ഇത് ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇവയുടെ ക്ഷാമത്തിന് കാരണമാകും. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വിവേകപൂര്‍ണവും പ്രായോഗികവുമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നും എഐഎംടിസി മുന്നറിയിപ്പ് നല്കി.