ഡല്‍ഹി: ചര്‍ച്ചയുടെ അടുത്ത തിയതി തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുകയും കര്‍ഷക നേതാക്കള്‍ നിരാഹാര സമരം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൃഷി മന്ത്രിയുടെ പ്രതികരണം.
‘ചര്‍ച്ചകള്‍ വീണ്ടും ഉണ്ടാകും. ഞങ്ങള്‍ കര്‍ഷകരുമായി ബന്ധപ്പെട്ട് വരുന്നു’ തോമര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സര്‍ക്കാര്‍ ഏത് സമയവും ചര്‍ച്ചയ്ക്ക് തയ്യാറാണ്. കര്‍ഷക നേതാക്കള്‍ അടുത്ത യോഗത്തിന് തയ്യാറാകുമ്ബോള്‍ അക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷക നേതാക്കളുമായി സര്‍ക്കാര്‍ നേരത്തെ അഞ്ചുഘട്ടമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. താങ്ങുവില സമ്ബ്രദായം തുടരുമെന്ന രേഖാമൂലമുള്ള ഉറപ്പിനൊപ്പം സര്‍ക്കാര്‍ കരട് നിര്‍ദ്ദേശം അയച്ചെങ്കിലും കര്‍ഷക സംഘടനകള്‍ ഇത് തള്ളുകയും പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കണമെന്നതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുകയാണ് കര്‍ഷകര്‍.
പുതിയ നിയമങ്ങള്‍ കര്‍ഷകരുടെ ജീവിതത്തെ പരിവര്‍ത്തിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ നയവും ഈ നിയമങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യവും വ്യക്തമാണെന്നും തോമര്‍ പറഞ്ഞു. ‘കര്‍ഷകരെയും കര്‍ഷക യൂണിയന് നേതാക്കളെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. നേരിട്ടുള്ള ചര്‍ച്ചയ്ക്ക് അവര്‍ വരണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ഉപാധികളോടെ അവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാന്‍ അവര്‍ തയ്യാറാണെങ്കില്‍, ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്’ മന്ത്രി പറഞ്ഞു. അതേ സമയം നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ഇന്ന് രാവിലെ തോമര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച ഓള് ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന കര്‍ഷക സംഘടനാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ ക്ഷേമത്തിനായിട്ടാണ് മോദി സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞതായി തോമര്‍ അറിയിച്ചു.
കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പരിഷ്കരണങ്ങള്‍ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് . എങ്കിലും സര്‍ക്കാര്‍ ആശയ വിനിമയത്തിനും ചര്‍ച്ചയ്ക്കും തയ്യാറാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി . കര്‍ഷക സഹോദരങ്ങളെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണ്. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാനും അവര്‍ക്ക് സാധ്യമായ എന്ത് ഉറപ്പ് വേണമെങ്കിലും നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. ചര്‍ച്ചയ്ക്കും സംവാദത്തിനും സര്‍ക്കാര്‍ സന്നദ്ധമാണ് – രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു .