ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചെന്ന് കർഷകർ; റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ റാലി നടത്തും

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കർഷക സംഘടനകൾ. ജനുവരി 26ന് നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസുമായി ധാരണയിലെത്തിയെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. നേരത്തെ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ റാലിക്ക് അനുമതി നൽകില്ലെന്ന നിലപാടിലായിരുന്നു പോലീസ്.

റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയെയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ പരേഡ് നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. റാലിയുടെ സഞ്ചാര പാത പിന്നീട് തീരുമാനിക്കും. ‘ചരിത്രപരവും സമാധാനപരവുമായ പരേഡ് ഞങ്ങൾ നടത്തും, അത് റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷാ ക്രമീകരണങ്ങളെയോ ബാധിക്കില്ല,’ സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

പരേഡിൽ പങ്കെടുക്കുന്ന കർഷകർ അച്ചടക്കം പാലിക്കണമെന്നും കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിംഗ് ചാദുനി അഭ്യർഥിച്ചു. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തിയുള്ള റാലിക്കാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

ട്രാക്ടർ റാലിയുടെ പാത മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കർഷക നേതാക്കളെ കണ്ടിരുന്നു. ഡൽഹി നഗരത്തിലൂടെ കർഷകരുടെ റാലി അനുവദിക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ പോലീസ് സ്വീകരിച്ചത്. ഏത് പാതയിലൂടെ റാലി നടത്താനാണ് പോലീസും കർഷകരും തമ്മിൽ ധാരണയായതെന്ന് വ്യക്തമായിട്ടില്ല.

കാർഷിക നിയമം ഭേദഗതി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. സമരം ശക്തമായി തുടരുമെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here