ഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. സംഭവം ദാരുണമാണെന്നും കേന്ദ്രസര്‍ക്കാറാണ് ദുരന്തത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കിസാന്‍ ഏക്ത മോര്‍ച്ചയുടെ ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.
‘വളരെ ദാരുണം. ഈ ക്രൂരമായ സര്‍ക്കാര്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും കൈമാറാന്‍ ആഗ്രഹിക്കുന്നു. കൂടാതെ കര്‍ഷകരെ ഖാലിസ്ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്’ -പ്രശാന്ത് ഭൂഷണ് ട്വിറ്ററില്‍ കുറിച്ചു.
ശനിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ബിലാസ്പൂരില്നിന്നുള്ള 75കാരന് കര്‍ഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്യുന്നത്. കശ്മീര്‍ സിങ് ലാദിയെന്ന കര്‍ഷകനെയാണ് കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. കേന്ദ്രസര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നത് ഇയാളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.
മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാറെന്ന കുറിപ്പും ലാദിയുടെ സമീപത്ത് നിന്നും കെണ്ടത്തുകയും ചെയ്തു. കഴിഞ്ഞ നാളുകളില്‍ കടുത്ത തണുപ്പിലും ഞങ്ങള്‍ സമരം ചെയ്യുകയാണ്. പക്ഷേ ഞങ്ങെള കേള്‍ക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. എന്റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ലാദിയുടെ കുറിപ്പില്‍ പറയുന്നു.