സിംഘുവിൽ കർഷകരുടെ ടെൻ്റ് പൊളിച്ച് ‘പ്രതിഷേധക്കാർ’; ദൃശ്യങ്ങളെടുക്കുന്നത് തടഞ്ഞ് പോലീസ്

UPDATE : കര്‍ഷകസമരം നടക്കുന്ന സിംഘു അതിര്‍ത്തിയിൽ കര്‍ഷകരും പ്രതിഷേധവുമായി എത്തിയ ചിലരുമായി ഏറ്റുമുട്ടൽ. പ്രതിഷേധക്കാര്‍ കര്‍ഷകരുടെ ടെൻ്റ് പൊളിച്ചതായും കര്‍ഷകസമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയും കല്ലേറു തുടങ്ങുകയും ചെയ്തതോടെ പോലീസ് ലാത്തിവീശി.

ഇന്നലെയും സ്ഥലത്ത് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് കൂടുതൽ പ്രതിഷേധക്കാര്‍ സമരവേദിയുടെ തൊട്ടടുത്തു വരെയെത്തുകയും ടെൻ്റുകള്‍ പൊളിച്ച് കര്‍ഷകരെ ഒഴിപ്പിക്കാൻ തുടങ്ങുകയുമയിരുന്നു.

ഇതിനു പിന്നാലെയായിരുന്നു ഇരുവിഭാഗവും തമ്മിൽ ഏറ്റമുട്ടിയത്. എന്നാൽ പ്രതിഷേധക്കാരെ എത്തിച്ചത് പോലീസാണെന്ന് ആരോപിച്ച കര്‍ഷകര്‍ സ്ഥലത്ത് മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനായി പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.

ഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി പോലീസ്. വ്യാഴാഴ്ച രാത്രിയോടെ ഗാസിപ്പൂര്‍ സമരവേദിയിൽ നിന്നും ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പോലീസ് നൽകിയിരുന്ന നിര്‍ദ്ദേശം. ആയിരക്കണക്കിന് കര്‍ഷകരാണ് ഡൽഹി – ഉത്തര്‍പ്രദേശ് അതിര്‍ത്തിയിൽ അണിനിരക്കുന്നത്.

ഇന്നലെ വൈകിട്ടോടെ ജില്ലാ ഭരണകൂടവും പോലീസുമായി കര്‍ഷക സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ബി.ജെ.പി നേതാക്കളോടൊപ്പമാണ് പൊലീസ് വന്നതെന്നായിരുന്നു കര്‍ഷക സംഘടന ആരോപിച്ചത്. തുടര്‍ന്ന് സമരവുമായി മുന്നോട്ടുപോകാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.രണ്ട് മാസം പിന്നിട്ട സമരം അവസാനിക്കുമെന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. എന്നാൽ, പോലീസ് നിര്‍ദ്ദേശം തള്ളിയ കര്‍ഷകര്‍ സമരഭൂമിയിലേക്ക് സംഘടിച്ചെത്തുകയായിരുന്നു.

ജില്ല മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. എന്നാൽ സമരഭൂമിയിൽ നിന്നും മടങ്ങില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. തുടര്‍ന്ന് ഒരു മണിയോടെ പോലീസിന് പുറമെ കേന്ദ്ര സേനയും ഗാസിപ്പൂരിൽ നിന്നും മടങ്ങുകയും ചെയ്തു. ഇതോടെ സമരക്കാര്‍ ദേശീയ പതാക ഉയര്‍ത്തി ആഹ്ലാദ പ്രകടനവും നടത്തിയിരുന്നു.

എന്ത് സംഭവിച്ചാലും സമരം തുടരുമെന്നായിരുന്നു ഭാരതീയ കിസാൻ യൂണിയൻ വ്യക്തമാക്കിയത്. സമരക്കാരോട് വികാരാധീതനായാണ് സംഘടനാ വക്താവായ രാകേഷ് ടിക്കായത്ത് സംസാരിച്ചത്. സമരവേദിയില്‍ നിന്നും പന്‍വാങ്ങുന്നതിലും നല്ലത് ആത്മഹത്യയാണെന്നും ടിക്കായത് പറഞ്ഞു. സമരത്തിന് പുറമെ, തന്റെ ഗ്രാമത്തിലെ വെള്ളം മാത്രം കുടിച്ച് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതോടെ നിരവധിയാളുകള്‍ സമരമുഖത്ത് തന്നെ തുടരുകയാണ്. നേരത്തെ രാകേഷ് ടിക്കായതിന്റെ സഹോദരനും കര്‍ഷക സംഘടനാ നേതാവുമായ നരേഷ് ടിക്കായത് സമരം ഉപേക്ഷിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാട്ട് സംഘടനയായ ബാലിയാന്‍ ഖാപ് പഞ്ചായത്തിന്റെ നേതാവാണ് നരേഷ്. എന്നാൽ, രാകേഷിന്റെ വാക്കുകള്‍ കേട്ട് സമരം തുടങ്ങുവാനായി നിരവധിയാളുകളാണ് സമരപ്പന്തലിലേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here