ഉറപ്പുകളില്‍ തൃപ്തിയില്ല, സമരം തുടരുമെന്ന് കര്‍ഷകര്‍

0

ഗാസിയാബാദ്: കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പില്‍ തൃപ്തിയില്ലെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും കിസാന്‍ ക്രാന്തിയാത്ര നടത്തുന്ന കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പോലീസിന്റെ ലാത്തിയടിയയിലും കണ്ണീര്‍വാതക പ്രയോഗത്തിലും ഒട്ടേറെ കര്‍ഷകര്‍ക്കും ഒരു എ.സി.പിയടക്കം ഏഴു പോലീസുകാര്‍ക്കും പരിക്കേറ്റു. സമരം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കിഴക്കല്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച് ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ പോലീസ് നേരത്തെ തടഞ്ഞിരുന്നു. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തുവെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത്.

കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത് കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, ഉറപ്പുകളില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കര്‍ഷകര്‍, സമരം തുടരുമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here