കോഴിക്കോട്: കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ചു. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടറോട് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് തേടി.

ബുധനാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ചെമ്പനോട താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. കാവില്‍ പുരയിടം തോമസ് എന്ന ജോയി(57) യാണ് മരിച്ചത്. പട്ടയം ലഭിക്കാന്‍ നേരിട്ട കാലതാമസത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കൈവശത്തിലുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവുന്നില്ലെന്നാരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫീസിനു മുന്‍പില്‍ നേരത്തെ നിരാഹാരസമരം നടത്തിയിരുന്നു.

തുടര്‍ന്നു കൊയിലാണ്ടി തഹസില്‍ദാര്‍ ഇടപെടുകയും നികുതിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ഒരുതവണ നികുതി സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഒന്നര വര്‍ഷത്തോളമായി വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കുന്നില്ലെന്നു പറയുന്നു. പലതവണ വില്ലേജ് ഓഫീസ് കയറിയിറങ്ങി മടുത്ത ജോയിയുടെ മൃതശരീരം നീക്കം ചെയ്യണമെങ്കില്‍ കലക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തണമെന്ന് ബന്ധുക്കള്‍. മരണത്തിന് കാരണക്കാര്‍ വില്ലേജ് ഉദ്യോഗസ്ഥരാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. റവന്യൂ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു വ്യാഴാഴ്ച ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തില്‍ ഹര്‍ത്താലിനു കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here