കൃഷിയിടത്തില്‍ പോകാന്‍ ഹെലികോപ്ടര്‍ വേണം; വായ്പ അനുവദിക്കണമെന്ന് രാഷ്ട്രപതിക്ക് കത്തെഴുതി ഒരു കര്‍ഷക സ്ത്രീ

മധ്യപ്രദേശില്‍നിന്നുള്ള ഒരു കര്‍ഷക രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരു കത്തയച്ചു. അസാധാരണമായ ആവശ്യമാണ് അവര്‍ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. തന്‍റെ കൃഷിയിടത്തിലേക്കു പോയി വരാന്‍ ഒരു ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കേണ്ടതുണ്ട്. അതിനായി വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകയുടെ കത്ത്.

മന്ദ്‌സൌര്‍ ജില്ലയിലെ സ്വന്തം കൃഷിയിടത്തില്‍ എത്തിച്ചേരാനാണ് ബസന്തി ഭായ് ലോഹര്‍ എന്ന കര്‍ഷക ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ മതിയായ പണം കൈവശമില്ലെന്നും, അതിനുവേണ്ടിയുള്ള വായ്പ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ബസന്തി, രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചത്.

മധ്യപ്രദേശിലെ മന്ദ് സൌര്‍ ഷംഗതഹ്‌സിലിലെ അഗര്‍ ഗ്രാമവാസിയാണ് ബാസന്ദി ഭായ് ലോഹര്‍. എന്നാല്‍ തന്‍റെ കൃഷിയിടത്തിലേക്കു പ്രവേശിക്കുന്ന എല്ലാ വഴികളും ചിലര്‍ ചേര്‍ന്ന് അടച്ചുവെന്നാണ് ബാസന്തി ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തു കൃഷിയിടത്തിലേക്കു പോകേണ്ടിവരുന്നതെന്നും കത്തില്‍ ഇവര്‍ വിശദീകരിക്കുന്നു.

“എനിക്ക് ഗ്രാമത്തില്‍ രണ്ട് ബിഗകളുള്ള ഒരു ചെറിയ കൃഷി സ്ഥലമുണ്ട്, അതാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗം നേടാന്‍ എന്നെ സഹായിക്കുന്നത്. എന്നാല്‍ അടുത്തിടെ ഗ്രാമത്തിലെ പ്രമാണിയായ പര്‍മാനന്ദ് പട്ടിദറും മകന്‍ ലാവ്കുഷും ഫാമിലേക്കുള്ള പ്രവേശന പാത തടഞ്ഞു,” ഏഴു പേര്‍ അടങ്ങിയ കുടുംബത്തിന്‍റെ അത്താണിയായ യുവതി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറഞ്ഞു.

രാഷ്ട്രപതിക്കു ബസന്തി അയച്ച കത്ത് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇതേക്കുറിച്ച്‌ ബസന്തി ന്യൂസ് 18നോട പറഞ്ഞത് ഇങ്ങനെ, “ഞാന്‍ പലതവണ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിച്ചു, പക്ഷേ ഒരു സഹായവും ലഭിച്ചില്ല. എന്റെ കുടുംബത്തെ പോറ്റുന്നതില്‍ ഞാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കൃഷിയിടത്തിലേക്കു പോകാന്‍ എനിക്ക് ഹെലികോപ്റ്റര്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയത്. എന്റെ കൃഷിസ്ഥലത്തെത്തി കൃഷി ചെയ്താല്‍ മാത്രമെ കുടുംബം പോറ്റാന്‍ കഴിയുകയുള്ളു”.

ഇക്കാര്യം പരിശോധിച്ച്‌ ഉടന്‍ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഇതേ കുറിച്ച്‌ ചോദിച്ചപ്പോള്‍ മന്ദ്സൌര്‍ ജില്ലാ കളക്ടര്‍ മനോജ് പുഷ്പ് ന്യൂസ് 18 നോട് പറഞ്ഞു. കര്‍ഷകയായ ബസന്തി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here