ഐസിസിനെക്കുറിച്ച് ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടർ രുക്മിണി കല്ലിമാച്ചി പുറത്തിവിട്ട പോഡ്കാസ്റ്റ് ‘കാലിഫേറ്റ്’ ആധികാരികമല്ലെന്ന് ന്യൂയോർക് ടൈംസ്. 2018 ൽ പുറത്തുവിട്ട ‘കാലിഫേറ്റ്’ വൻ പ്രചാരണം നേടുകയും ആ വർഷത്തെ പീബോഡി അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. എന്നാൽ കാലിഫേറ്റിന്റെ ആധികാരികത ഉറപ്പുവരുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ അവാർഡ് തിരിച്ച് നൽകാനാണ് ന്യൂയോർക് ടൈംസിന്റെ തീരുമാനം.

സംഘർഷ മേഖലകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടർ രുക്മിണി കല്ലിമാച്ചിയുടെ ‘കാലിഫേറ്റ്’, 12 ഭാഗങ്ങളുള്ള ഓഡിയോ ഡോക്യുമെന്ററിയാണ് . ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചും അവരുടെ ഭീകരവാദ പ്രവർത്തനങ്ങളെയും ആസ്പദമാക്കി നിർമിച്ച പോഡ്‌കാസ്റ്റിൽ, പ്രധാനമായും വിവരങ്ങൾ നൽകുന്നത് കനേഡിയക്കാരൻ ഷെഹ്‌റോസ് ചൗദരി എന്നയാളാണ്. സിയറിയയിൽ ഐസിസിന്റെ ഭാഗമായി പ്രവർത്തിക്കുകയും ഐസിസിന് വേണ്ടി കൊലകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ഷെഹ്‌റോസ് ചൗദരി പറഞ്ഞത്. എന്നാൽ ഇയാളുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ന്യൂയോർക് ടൈംസ് നേരിട്ട് നടത്തിയ അന്വേഷണത്തിൽ തന്നെ തെളിയുകയായിരുന്നു. ഷെഹ്‌റോസ് ചൗദരി ഐസിസിൽ പ്രവർത്തിക്കുകയോ സിറിയ സന്ദർശിക്കുകയോ ചെയ്തിട്ടില്ല. ഷെഹ്‌റോസിനെതിരെ കനേഡിയൻ അധികാരികൾ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ന്യൂയോർക്ക് ടൈംസിന്റെ മികച്ച റിപോർട്ടർമാരിൽ ഒരാളായ രുക്മിണി കല്ലിമാച്ചിക്ക്, നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനമാറ്റം നൽകാനാണ് ന്യൂയോർക് ടൈംസിന്റെ തീരുമാനം. ഇനി കല്ലിമാച്ചി തീവ്രവാദ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കില്ലെന്ന് പത്രം ഔദ്യോഗികമായി അറിയിച്ചു. “പ്രേകഷകരോട് ഞാൻ എനിക്ക് പറ്റിയ തെറ്റിന്റെ പേരിൽ മാപ്പ് ചോദിക്കുന്നു. റെക്കോർഡിൽ തിരുത്തൽ വരുത്തും. ഭാവിയിൽ കൂടുതൽ സൂക്ഷ്മതയോടെ പ്രവർത്തിക്കും”. കല്ലിമാച്ചി അവരുടെ പ്രസ്താവനയിൽ പറഞ്ഞു.

‘കാലിഫേറ്റ്’ ആധികാരികമല്ലെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ 2018 ൽ ലഭിച്ച പീബോഡി അവാർഡ് തിരികെ നൽകുമെന്നും ന്യൂയോർക് ടൈംസ് അറിയിച്ചു. പത്രത്തിന്റെ ഔദ്യോഗിക തീരുമാനത്തെ മാനിക്കുന്നുവെന്ന് പീബോഡി എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. മാധ്യമ ധർമ്മത്തെ മുൻനിർത്തിക്കൊണ്ട് അവാർഡ് തിരികെ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here