തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ പരീക്ഷ രാവിലെ 9.40നും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.40നും തുടങ്ങും.
എസ്എസ്എല്‍സി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7; പിഴ സഹിതം 12 വരെ. പ്ലസ്ടു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 4; തുടര്‍ന്ന് 20 രൂപ പിഴയോടെ 8 വരെ. പ്ലസ് ടു പ്രാക്ടിക്കല്‍, എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി പിന്നീടു തീരുമാനിക്കും.
ഫൈനോടുകൂടി 15 വരെ അപേക്ഷിക്കാം. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും ഈ സമയത്ത് നടക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങും സ്കൂള്‍ തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.