പീഡകരായ ബിഷപ്പുമാരുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ‘ഉയര്‍ത്തി’ ഫ്രാങ്കോ, കേരള പോലീസിന്റെ വക മുഴുനീള നാടകവും

0

കൊച്ചി: എതാനും മാസങ്ങള്‍ക്കു മുമ്പ് നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ അറസ്റ്റ് കേരളം കണ്ടു. നടന്‍ ദിലീപിനെ സാക്ഷാല്‍ ഡി.ജി.പിവരെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചോദ്യം ചെയ്തതുപോലും വാര്‍ത്തയായി.

മാസങ്ങള്‍ക്കിപ്പുറം രാജ്യത്ത് പീഡനക്കേസില്‍ ഒരു ബിഷപ്പ് ആദ്യമായി അറസ്റ്റിലായി. അറസ്റ്റ് സ്ഥിരീകരിക്കാന്‍ പോലും തയാറാകാതെ എല്ലാം അന്വേഷണ സംഘത്തിന്റെ മേല്‍ കെട്ടിവച്ച് മേലധികാരികള്‍ അണിയറയിലൊളിക്കുന്ന കാഴ്ചയാണ് ഇക്കുറി കണ്ട്. ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന ചോദ്യം സൃഷ്ടിച്ചത് ഉദ്വേഗജനകമായ മുഴുനീള നാടകവും.

‘പതിവില്ലാത്ത’ പഴിതടയ്ക്കലുകള്‍, ഉത്തരവാദിത്വത്തിന്റെ ഭാരവുമായുള്ള ഫയലിന്റെ മാരത്തോണ്‍ ഓട്ടവും വെട്ടിതിരുത്തലുകളും എല്ലാം ഇന്നലെ തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യല്‍ കേന്ദ്രം കേന്ദ്രീകരിച്ച് അരങ്ങേറി. രാവിലെ തന്നെ ‘അറസ്റ്റ്’ സന്ദേശം ലഭിച്ച ബിഷപ്പും കൂട്ടരും അതൊഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമിക്കുകയും ചെയ്തു. ഇതിനൊല്ലാം അനുകൂല നിലപാടു സ്വീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന രീതിയില്‍ കേസിന്റെ പുരോഗതിയില്‍ അന്വേഷണ സംഘം മൗനം തുടരുകയും ചെയ്തു.

പീഡനത്തിന് ഇരയായ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി നിസ്സഹായരായ അഞ്ചു കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ സംഘടിത ശക്തികളും സഭാ നേതൃത്വവും ത്ള്ളിയപ്പോള്‍ പൊതുസമൂഹമാണ് ഏറ്റെടുത്ത്. കന്യാസ്ത്രീയുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ഉറച്ച നിലപാടുകള്‍ അവസാനം നിമിഷത്തിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങളെയും പൊളിച്ചു. ബലാത്സംഗത്തിനോ മറ്റു കുറ്റങ്ങള്‍ക്കോ തെളിവുകളുണ്ടെന്ന് അതുവരെ സമ്മതിക്കാതിരുന്ന പോലീസ് ഒടുവില്‍ നിലപാട് വ്യക്തമാക്കി. അപ്പോഴേക്കും രാത്രി എട്ടു മണി. ആരോപിക്കപ്പെട്ട നാലു കുറ്റങ്ങള്‍ക്കും തെളിവു ലഭിച്ച സാഹചര്യത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം.

ഇതോടെ സ്ത്രീ പീഡനം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കത്തോലിക്ക ബിഷപ്പുമാര്‍ അറസ്റ്റിലായിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കടന്നു. ഔദ്യോഗിക ചിഹ്നങ്ങളും വസ്ത്രങ്ങളും ഊരിവച്ച്, ജുബ്ബയും പാന്‍സും ധരിച്ച് തൃപ്പുണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ നിന്ന് പോലീസ് ജീപ്പിലേക്ക് കയറുമ്പോള്‍ ഇന്ത്യയിലെ പീഡനക്കേസ് പ്രതിയായി ആദ്യ ബിഷപ്പിനെ ജനം കണ്ടു.

കൊഹിമ ബിഷപ്പ് ആയിരുന്ന ജോസ് മുകാലയും കൊച്ചിബിഷപ്പ് ആയിരുന്ന ജോണ്‍ തട്ടുങ്കലുമാണ് നേരത്തെ ഇത്തരത്തില്‍ നടപടിയുടെ വക്കോളമെത്തിയവര്‍. എന്നാല്‍, വത്തിക്കാന്‍ ഇടപെട്ട് രാജിവയ്പ്പിച്ചതിനാല്‍ ജയിലില്‍ കയറാതെ രക്ഷപെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here