പാലക്കാട്: രാജ്യം നേരിടുന്ന ഗുരുതരമായ കല്‍ക്കരിക്ഷാമം കേരളത്തെയും ബാധിക്കുന്നു. വൈദ്യൂതി ക്ഷാമം തുടര്‍ന്നാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.

കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകൂളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിനു പുറത്തുനിന്നു ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ വ്യാഴാഴ്ചവരെ ഏകദേശം 220 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. കേന്ദ്രവിഹിതം കുറയ്ക്കുന്നത് തുടരുകയും പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ വ്യക്തമാക്കി. കേരളത്തില്‍ ജലവൈദ്യുത പദ്ധതികളാണ് ഉള്ളതെങ്കിലും ആവശ്യമായ വൈദ്യുതിയുടെ 20 ശതമാനം മാത്രമാണ് ഇവയില്‍ നിന്നു ലഭിക്കുന്നത്.

രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളില്‍ നിന്നാണ്. ഉത്തര്‍പ്രദേശ, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പു നല്‍കി. പഞ്ചാബിലും യു.പിയിലും പവര്‍കട്ട് പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here